കേരളത്തിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നടി ഐശ്വര്യ ഭാസ്‌കർ. കുട്ടിക്കാലത്തെല്ലാം ഓടിക്കളിച്ച് വളർന്ന സ്ഥലമാണ് കേരളം. കേരളത്തിലേക്ക് പോകുമ്പോൾ അവിടുത്തെ തെരുവുകളിലും അമ്പലങ്ങളിലുമെല്ലാം സ്ഥിരമായി സന്ദർശിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അവിടെ പുറത്തിറങ്ങി നടക്കാൻ പോലും സ്ത്രീകൾ ഭയപ്പെടുകയാണെന്ന് നടി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ഭാസ്‌കർ ഇക്കാര്യം അറിയിച്ചത്.
ഒരിക്കൽ കേരളത്തിൽ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നിരുന്നു. ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം തിരുവനന്തപുരത്തെ അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു.മറ്റ് ഷൂട്ടിങ്ങുകൾ ഉള്ളതുകൊണ്ട് കാർ ഒന്നും ഒഴിവില്ലെന്ന് സീരിയൽ ചെയ്യുന്ന കമ്പനി പറഞ്ഞു. അങ്ങനെ താൻ ഓട്ടോയിൽ പോകാൻ തീരുമാനിച്ചു.
ഈ ആവശ്യം ഹോട്ടലിൽ ഭക്ഷണവുമായ എത്തിയ റൂം ബോയിയെ അറിയിച്ചു. എന്നാൽ ഇവിടെ സുരക്ഷിതമല്ല മാഡം എന്നാണ് അവൻ തന്നോട് പറഞ്ഞത്. സ്വന്തം കാറിൽ അല്ലെങ്കിൽ കമ്പനിയുടെ കാറിൽ മാത്രമേ പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകാൻ പാടില്ലെന്നും അവൻ പറഞ്ഞു. ഇവിടെ ഉണ്ടായ ഭയപ്പെടുത്തുന്ന സംഭവങ്ങളെക്കുറിച്ചും അവൻ പറഞ്ഞു.
സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവം, പോലീസുകാരനായ ഭർത്താവ് കാരണം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത്, സ്ത്രീധനം സംബന്ധിച്ച് പ്രശ്നങ്ങളിൽ പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതുമെല്ലാം കേരളത്തിൽ നടക്കുന്നുണ്ടെന്ന് അവൻ പറഞ്ഞു. പണ്ടൊരിക്കൽ ഷൂട്ടിങിനായി തിരുവല്ലയിലായിരിക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കുള്ള റോഡിൽ ഒരു ആൺകുട്ടി കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്.
എന്തുകൊണ്ടാണ് സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കാത്തത് എന്നാണ് ഐശ്വര്യ ചോദിച്ചത്. സ്ത്രീ സംഘടനകൾ എവിടെയാണ്. ജനങ്ങൾ വോട്ട് നൽകി തിരഞ്ഞെടുത്ത സർക്കാർ ഒന്നും ചെയ്യുന്നില്ല. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് നിങ്ങളുടെ കടമയാണെന്നും ഐശ്വര്യ ഭാസ്‌കർ പറഞ്ഞു.
കേരളത്തിൽ നിയമസംവിധാനങ്ങൾ ഉണ്ടായിട്ടും ഇതിനെതിരെ നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ കഷ്ടമാണ്. യുവതലമുറയ്ക്ക് സുരക്ഷ കൊടുക്കാൻ കഴിയാത്ത നിങ്ങൾ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതൽ ഉള്ള നാട്ടിൽ സ്‌കൂൾ കാലം മുതൽ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളർത്താൻ. മറ്റു വഴികൾ ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ തമിഴ്നാട്ടിലേക്ക് അയക്കാനും തങ്ങൾ നോക്കിക്കോളാം എന്നും ഐശ്വര്യ പറഞ്ഞു.
Discussion about this post