ഭുവനേശ്വർ : പ്രായം വെറും അക്കം മാത്രമാണ്, പ്രണയിക്കുന്നവർക്ക് പ്രായമൊന്നും ഒരു പ്രശ്‌നമല്ല എന്ന് തെളിയിക്കുകയാണ് ഒഡീഷയിലെ ഈ നവദമ്പതിമാർ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് 76 കാരനായ രാമചന്ദ്ര സാഹുവും 47 കാരിയായ സുലേഖ സാഹുവും വിവാഹിതരായത്.
ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ അഡപട ഗ്രാമവാസികളാണ് ഇരുവരും. ഏഴ് വർഷം മുൻപാണ് രാമചന്ദ്ര സുലേഖയെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും അടുപ്പത്തിലായി. ഈ സുഹൃദ് ബന്ധമാണ് പിന്നീട് പ്രണയത്തിലെത്തിയത്. സുലേഖയോട് രാമചന്ദ്ര തന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ തന്നെ അവർ സമ്മതം മൂളി. തുടർന്നാണ് വിവാഹം കഴിച്ചത്. രാമചന്ദ്രയുടെ ആദ്യ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.
”സുലേഖയും ഞാനും കണ്ടുമുട്ടിയത് കുലാഡ് ഗ്രാമത്തിൽ വെച്ചാണ്. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് അവളോട് പ്രണയം തോന്നി. അങ്ങനെ രണ്ട് പേരും അടുത്തപ്പോൾ പ്രണയം തുറന്നുപറഞ്ഞു. ഒന്നിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്” എന്നും രാമചന്ദ്ര പറഞ്ഞു. തന്റെ കുടുംബം ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു എന്ന് സുലേഖയും വെളിപ്പെടുത്തി.
എന്തായാലും ഈ പ്രായത്തിലും പ്രണയിച്ച് വിവാഹം കഴിച്ച ഈ നവദമ്പതിമാർക്ക് നാട്ടുകാർ മുഴുവൻ പിന്തുണയുണ്ട്. കുടുംബവഴക്കും കലഹവും കൊണ്ട് വേർപിരിയുന്ന ദമ്പതിമാർക്ക് ഇവർ ഒരു മാതൃകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post