മുംബൈ: നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകളെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരം കറൻസി നോട്ടുകൾ സാധുവല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ആർബിഐ തള്ളിയത്. അച്ചടി വേളയിൽ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് ഇവയെന്ന് ആർബിഐ വ്യക്തമാക്കി.
നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ വ്യാജനാണെന്നായിരുന്നു കുറച്ച് ദിവസങ്ങളായി നടക്കുന്ന വിശദീകരണം. ഇത് ശ്രദ്ധയിൽപ്പെട്ടതോടയാണ് ആർബിഐ വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രഫിക്സിനും നമ്പറിനുമിടയിൽ നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ 2006 മുതൽ പ്രാബല്യത്തിലുണ്ട്. 10,20,50,100,500 നോട്ടുകൾ ഇത്തരത്തിൽ ആർബിഐ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.
‘നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. പ്രിന്റ് ചെയ്യുമ്പോൾ കേടാകുന്ന നോട്ടുകൾക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാർ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആർബിഐ വെബ്സൈറ്റിൽ ലഭ്യമാണെന്ന് ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആർബിഐ അറിയിച്ചു.
2006 ആഗസ്റ്റ് വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ നോട്ടുകൾ സീരിയൽ നമ്പറുകളാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ ബാങ്ക് നോട്ടുകളിൽ ഓരോന്നിനും അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഒരു പ്രിഫിക്സിനൊപ്പം ഒരു സീരിയൽ നമ്പർ ഉണ്ട്. സീരിയൽ നമ്പറുള്ള ബാങ്ക് നോട്ട് കേടായാൽ പുതിയത് പ്രിന്റ് ചെയ്ത നോട്ട് മാറ്റി പകരം വയ്ക്കുന്നതിന് ‘സ്റ്റാർ സീരീസ്’ നമ്പറിംഗ് ഉപയോഗിക്കും
Discussion about this post