കാസർകോട്; കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. നൗഷാദ് പി. എം, സായസമീർ, ആവി സ്വദേശിയായ 17കാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേർ റിമാൻഡിലാണ്. ബാക്കിയുള്ളവരെ പിടികൂടാനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. സോഷ്യൽ മീഡിയ നിരീക്ഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം വാട്സ് ആപ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ വിദ്വേഷ പ്രസംഗം , പ്രകോപനപരമായ സന്ദേശങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐപിസി സെക്ഷൻ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.വിദ്വേഷ പ്രചരണത്തിന് ഗ്രൂപ്പ് അഡ്മിൻമാരെയും പ്രതിയാക്കും. ഇതുവരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക എന്ന ആവശ്യമുയർത്തി നടത്തിയ പ്രകടനത്തിൽ കാലാപാഹ്വാനം ഉയർന്നത് പലരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അമ്പല നടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും,” എന്ന മുദ്രാവാക്യം വിളികൾ ഉയരുന്നത് കേൾക്കാം. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നു ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വിവാദമായതോടെ മതവികാരം വ്രണപ്പെടുത്തലിനും അന്യായമായ സംഘം ചേരലിനും കേസെടുക്കുകയായിരുന്നു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരെ കേസെടുത്തത്.
വീഡിയോ പുറത്തുവന്നതോടെ ഐബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്.












