തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാതശിശുവിന്റെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശുചിമുറിക്ക് പിന്നിൽ കുഴിച്ചിട്ട ജഡം നായ്ക്കൾ വലിച്ചുകൊണ്ടുപോകുകയായിരുന്നു.
ഈ കഴിഞ്ഞ 18 ാം തീയതിയാണ് നവജാതശിശുവിന്റെ മൃതശരീകം തെരുവുനായ്ക്കൾ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടെത്തിയത്. അന്ന് മുതൽ പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. സമീപത്തെ ആശുപത്രികളിൽ മുഴുവൻ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയിലാണ് ജൂലിയിലേക്ക് സംശയം നീണ്ടത്. ജൂലിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഇവർ പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുകയായിരുന്നു. ശുചിമുറിക്ക് സമീപത്ത് വെച്ച് പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവിടെ തന്നെ മറവ് ചെയ്‌തെങ്കിലും തെരുവുനായ്ക്കൾ മൃതദേഹം വലിച്ചിഴയ്ക്കുകയായിരുന്നു.
ജൂലിയുടെ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചതാണ്. ഇവർക്ക് 13 വയസുള്ള മകനുണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്.












