കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഫോൺ വാങ്ങാനായി പിഞ്ചുകുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ജയ്‌ദേവ് ഘോഷ്, ഭാര്യ സതി എന്നിവരെയാണ് നോർത്ത് 24 പർഗാനസ് പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് മാസം പ്രായമായ കുഞ്ഞിനെ പ്രിയങ്ക ഘോഷ് എന്ന സ്ത്രീയ്ക്കാണ് ഇവർ വിറ്റത്. ഈ സ്ത്രീയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ദമ്പതികൾ വിറ്റ കുഞ്ഞിനെ പോലീസ് കണ്ടെത്തി. ഇവരുടെ സ്വഭാവത്തിൽ സംശയം തോന്നിയ സമീപവാസികളാണ് സംഭവം പോലീസിൽ അറിയിച്ചത്. ഒന്നര മാസം മുൻപ് നടന്ന സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു.
പോലീസ് കസ്റ്റഡിയിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. രണ്ട് ലക്ഷം രൂപയ്ക്കാണ് ഇവർ കുട്ടിയെ വിറ്റത്. ഈ പണം ഉപയോഗിച്ച് ഇവർ പുതിയ ഫോൺ വാങ്ങുകയും ഹണിമൂണിനായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇവർ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണ്. വീട്ടിൽ ഇവരെ കാണാൻ ആളുകൾ സംഭവ ദിവസം വന്നതായും സമീപവാസികൾ വെളിപ്പെടുത്തി. ഇവർക്ക് മറ്റൊരു മകളും ഉണ്ട്.
ബന്ധുവിന്റെ വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോയതായാണ് ആദ്യം വിചാരിച്ചതെന്ന് ജയ്‌ദേവ് ഘോഷിന്റെ അച്ഛൻ കമായ് ചൗധരി പറഞ്ഞു. എന്നാൽ അവിടെ എത്തിയപ്പോഴാണ് കുഞ്ഞിനെ വിറ്റതായി മനസ്സിലായത്. എന്തിനാണെന്നോ ആർക്കാണോ വിറ്റതെന്നോ കാര്യം അറിയില്ല. കുട്ടിയെ വിറ്റതിന് ശേഷം ഇരുവരും നിരവധി സ്ഥലങ്ങളിൽ യാത്ര പോയതായി അറിഞ്ഞു എന്നും ചൗധരി പറഞ്ഞു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് മകനും മരുമകൾക്കുമെതിരെ ചൗധരി പോലീസിൽ പരാതി നൽകി.
Discussion about this post