ക്വാലാലംപൂർ : 19 വർഷങ്ങൾക്കിടെ ഒരു വനിതയെ തൂക്കിലേറ്റി സിംഗപ്പൂർ. മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട വനിതയെയാണ് തൂക്കിലേറ്റിയത്. 45 കാരിയായ സരിദേവി ജമനിയുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. 2018 ലാണ് ഇവർക്ക് വധശിക്ഷ വിധിച്ചിരുന്നത്.
2004 ലാണ് ഇതിന് മുൻപ് ഒരു വനിതയെ സിംഗപ്പൂർ തൂക്കിലേറ്റിയത്. 36 കാരിയായ യെൻ മേ വൊയേന് എതിരെയുളള കുറ്റവും മയക്കുമരുന്ന് കടത്തായിരുന്നു. മയക്കുമരുന്ന് കേസുകൾക്കെതിരെ കർശന നടപടിയാണ് സിംഗപ്പൂർ സ്വീകരിക്കുന്നത്. ഈ ആഴ്ച ഇതേ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെടുന്ന രണ്ടാമത്തെ കുറ്റവാളിയാണ് സരിദേവിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത ആഴ്ചയും ഒരാൾ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്.
31 ഗ്രാം ഹെറോയിനാണ് സരിദേവി ജമനിയിൽ നിന്നും പിടിച്ചെടുത്തത്. മയക്കുമരുന്നിന് അടിമകളായ 370 പേർക്ക് ഒരാഴ്ചത്തേക്ക് ഇത്രയും ഹെറോയിൻ ഉപയോഗിക്കാം. സിംഗപ്പൂരിലെ നിയമം അനുസരിച്ച് 15 ഗ്രാമിൽ കൂടുതൽ ഹെറോയിനോ 500 ഗ്രാമിൽ കൂടുതൽ കഞ്ചാവോ കൈവശം വെച്ചാൽ വധശിക്ഷ ലഭിക്കാം.
50 ഗ്രാം ഹെറോയിൻ കടത്തുന്നതിനിടെ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയത്. സിംഗപ്പൂരുകാരനായ മൊഹമ്മദ് അസീസ് ഹുസൈനെയാണ് തൂക്കിലേറ്റിയത്. ഇരുവരും വധശിക്ഷയിൽ ഇളവ് നേടാനുളള നിയമപരമായ എല്ലാ സാദ്ധ്യതകളും തേടിയവരാണെന്ന് അധികൃതർ അറിയിച്ചു.
2022 മാർച്ചിലാണ് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്നത് സിംഗപ്പൂർ പുനസ്ഥാപിച്ചത്. ഇതിന് ശേഷം 15 പേരെ തൂക്കിലേറ്റിയതായി മനുഷ്യാവകാശ സംഘം ചൂണ്ടിക്കാട്ടുന്നു. മാസത്തിൽ ഒരാൾ എന്ന നിലയ്ക്കാണ് ഈ കണക്കെന്നും ഇവർ പറഞ്ഞു.
Discussion about this post