തൃശൂർ : ശനിയാഴ്ച തൃശ്ശൂരിൽ സ്വകാര്യ നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കളക്ടറുമായി ചർച്ച നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കില്ല എന്ന് അറിയിച്ചു. കൂടാതെ അത്യാഹിത വിഭാഗങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കും നഴ്സുമാർ ഉണ്ടാകുന്നതാണ് . എങ്കിലും തൃശൂരിൽ സൂചനാ പണിമുടക്ക് തുടരാനാണ് യുഎൻഎയുടെ തീരുമാനം.
തൃശ്ശൂരിലെ നൈൽ ആശുപത്രി ഉടമ ഡോ. അലോക് നഴ്സുമാരെ മർദ്ദിച്ചു എന്ന ആരോപണത്തെ തുടർന്നാണ് തൃശ്ശൂരിലെ പ്രശ്നങ്ങളുടെ ആരംഭം. ഡോ. അലോകിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നഴ്സുമാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
നഴ്സുമാരും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി തൃശൂർ ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ ചർച്ച വിളിച്ചതിനാലാണ് പുതിയ തീരുമാനം. യു.എൻ.എ ഭാരവാഹികളുമായി കലക്ടർ ചർച്ച നടത്തും.
തൃശ്ശൂരിലെ നൈൽ ആശുപത്രിയില്‍ സമരം നടത്തിയ ഏഴ് നഴ്സുമാരെ ആശുപത്രി അധികൃതർ പിരിച്ചുവിട്ടതാണ് സംഭവങ്ങൾക്ക് തുടക്കം. ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്സുമാർക്കും ഇവിടെ 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ ആയിരുന്നു നഴ്സുമാര്‍ സമരം നടത്തിയിരുന്നത്. തുടർന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയിൽ നിന്നും നൈൽ ആശുപത്രി ഉടമ ഡോ. അലോക് ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ നഴ്സുമാര്‍ തടയുകയായിരുന്നു. തുടർന്നാണ് നഴ്സുമാരും ആശുപത്രി ഉടമയും തമ്മിൽ കയ്യാങ്കളിയിൽ എത്തിയത്. ഡോക്ടർക്കെതിരെ നടപടി ആവശ്യപെട്ട് ഇന്ന് തൃശൂരിൽ നഴ്സുമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
Discussion about this post