തൃശ്ശൂർ: ആലുവയിൽ വിവിധ ഭാഷാ തൊഴിലാളി അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഞ്ചു വയസ്സുകാരി ചാന്ദ്‌നി കേരളത്തിന്റെയാകെ വേദനയാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർന്നു. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മകളേ മാപ്പ്..
തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലചെയ്യപ്പെട്ട 5 വയസുകാരി ചാന്ദ്‌നി മോൾ കേരളത്തിന്റെയാകെ വേദനയാണ്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അസം സ്വദേശി അഫ്‌സാക്ക് ആലം തട്ടിക്കൊണ്ട് പോയത്. ഉടൻ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടും നമ്മുടെ പൊലീസ് സംവിധാനത്തിന് ആ മകളെ രക്ഷിക്കാനായില്ല. പിണറായി സർക്കാരിന്റെ സ്ത്രീ സുരക്ഷിതത്വം വാക്കുകളിൽ മാത്രമാണെന്ന് കൂടി അടിവരയിടുന്നതാണ് ഈ സംഭവം.
ചാന്ദ്‌നിയുടെ കൊലപാതകം ധാരാളം ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. കേരളത്തിൽ ജോലിയ്ക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരു വിവരങ്ങളും സർക്കാരിന്റെ പക്കൽ ഇല്ല. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിന്നും നുഴഞ്ഞ് കയറുന്ന ജിഹാദികളും, കൊടും ക്രിമിനലുകളും, തീവ്രവാദികളും അതിഥി തൊഴിലാളികൾ എന്ന പേരിൽ നാൾക്ക് നാൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം അനധികൃത കുടിയേറ്റത്തെ തടയും എന്നറിയാവുന്ന ഇടതു – വലത് മുന്നണികൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടി അതിനെ എതിർക്കുമ്പോൾ ഭാവിയിൽ എന്ത് സംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.
കേരളത്തിന്റെ സമാധാന അന്തരീക്ഷം പോലും തകർക്കുന്ന തരത്തിൽ ഇത്തരം ആളുകൾ മാറുമ്പോൾ കയ്യും കെട്ടി നോക്കിയിരിപ്പാണ് പൊലീസ് സംവിധാനം. പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പൂർണ്ണ പാരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
Discussion about this post