കൊൽക്കത്ത : ബംഗാൾ സർക്കാരിനോട് യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്ക്ക് എടുക്കാൻ ഉപദേശിച്ച് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ. അനധികൃത നിർമാണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ആയിരുന്നു ജഡ്ജിയുടെ പരാമർശം. എന്നാൽ ജഡ്ജിയുടെ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബംഗാൾ സർക്കാരിനും ബുൾഡോസർ ഉണ്ടെന്നും മറ്റെവിടെ നിന്നും കടമെടുക്കേണ്ട ആവശ്യമില്ലെന്നുമാണ് ടിഎംസി നേതാവ് കുനാൽ ഘോഷ് പറഞ്ഞത്.
കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശത്ത് അനധികൃത നിർമാണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശം. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന് അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്ക്കെടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ കോടതിയുടെ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം പറഞ്ഞു. ബുൾഡോസർ ഉപയോഗം എന്ന ആശയത്തിൽ വിശ്വസിക്കുന്നില്ലെന്നും തങ്ങൾ വികസനത്തിൽ വിശ്വസിക്കുന്നവരാണെന്നും ഹക്കിം പറഞ്ഞു. ഒരുതരത്തിലുള്ള അനധികൃത നിർമാണത്തെയും സർക്കാർ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് ജഡ്ജി ഇക്കാര്യം പറഞ്ഞത് എന്നാണ് കുനാൽ ഘോഷിന്റെ ആരോപണം. പശ്ചിമ ബംഗാൾ സർക്കാരിന്റെ കൈയ്യിൽ ബുൾഡോസർ ഉണ്ട്. മുൻസിപ്പൽ കോർപറേഷനും ബുൾഡോസർ ഉണ്ട്. അതിനാൽ മറ്റെവിടെ നിന്നും കടമെടുക്കേണ്ട ആവശ്യമില്ല. ജഡ്ജി തൃണമൂൽ കോൺഗ്രസ് വിരുദ്ധനാണെന്നും ഘോഷ് ആരോപിച്ചു.
Discussion about this post