റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകകരും തമ്മിൽ ഏറ്റുമുട്ടൽ. ആറോളം കമ്യൂണിസ്റ്റ് ഭീകരരെ വധിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുരക്ഷാ സേന അറിയിച്ചു. സുക്മ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. എന്നാൽ കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ല.
ഇന്ന് രാവിലെയോടെയാണ് ചിന്റഗുഫ, കിസ്താരം പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്യൂണിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഛോട്ടേകെദ്വാൾ ഗ്രാമത്തിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
സംസ്ഥാന പോലീസിന്റെ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെയും (ഡിആർജി) സെൻട്രൽ റിസർവ് പോലീസ് സേനയിലെ എലൈറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷനിലെയും (കോബ്രാ) ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെയാണ് കമ്യൂണിസ്റ്റ് ഭീകരർ രക്തസാക്ഷി വാരം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി യോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചത്. സുരക്ഷാ സേനയെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് ഭീകരരെ വധിച്ചത്.
കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായില്ല. ഇത് മറ്റുളളവർ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.
Discussion about this post