ഉത്തര കാശി: പ്രളയകാലത്ത് അടച്ചിട്ട ശേഷം തുറന്ന സ്കൂളിൽ പെൺകുട്ടികൾ വിചിത്രമായി പെരുമാറുന്നതായി നാട്ടുകാർ. ഭൂതാവിഷ്ടരെപ്പോലെ അലറി വിളിച്ച് ഓടുന്ന കുട്ടികൾ ക്യാമ്പസിനുള്ളിൽ തന്നെ കുഴഞ്ഞു വീഴുകയാണ്. ഇത് പ്രേതബാധയോ അതോ രോഗബാധയോ എന്നറിയാതെ വിഷമിക്കുകയാണ് ഉത്തര കാശിയിലെ ധൗന്ത്രി ഗ്രാമത്തിലെ നാട്ടുകാർ. ബുധനാഴ്ച രണ്ട് കുട്ടികളും വ്യാഴാഴ്ച ഒരു ഡസനോളം കുട്ടികളുമാണ് ഇത്തരത്തിൽ കുഴഞ്ഞു വീണത്.
ധൗന്ത്രിയിലെ കാമദ് ഗവണ്മെന്റ് ഇന്റർ കോളേജിലാണ് സംഭവം. പെരുമഴയെ തുടർന്ന് ധൗന്ത്രിയിലും സമീപ ഗ്രാമങ്ങളിലും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിന്റെ ആഘാതത്തിലാകാം കുട്ടികൾ വിചിത്രമായി പെരുമാറുന്നത് എന്നാണ് ചിലർ പറയുന്നത്. എന്നാൽ ചിലർ പറയുന്നത് ഇത് ഗ്രാമ ദേവതയുടെ കോപം മൂലമാണ് എന്നാണ്. ഇതിനെ പ്രേതബാധയെന്നാണ് മറ്റുചിലർ വിശേഷിപ്പിക്കുന്നത്.
അതേസമയം കുട്ടികളുടെ വിചിത്രമായ പെരുമാറ്റത്തിന് കാരണം മനശാസ്ത്രപരമാണ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പ്രളയകാലത്ത് സ്കൂളിനെ ചുറ്റിപ്പറ്റി ധാരാളം കഥകൾ പ്രചരിച്ചിരുന്നു. ഇത് കുട്ടികളുടെ മനസ്സിൽ തങ്ങി നിന്നിരിക്കാം. സ്കൂളിനെ കുറിച്ച് തങ്ങൾ ദുസ്വപ്നങ്ങൾ കണ്ടതായി ചില കുട്ടികൾ ആരോഗ്യ വിദഗ്ധരോട് തുറന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ഇവർ പരസ്പരം പങ്കുവെച്ചിരിക്കാം. ഇക്കാരണത്താൽ സ്കൂളിൽ കയറാൻ ഭയപ്പെട്ടത് മൂലമുണ്ടായ സങ്കീർണമായ മാനസികാവസ്ഥയായിരിക്കാം കുട്ടികളുടെ വിചിത്രമായ പെരുമാറ്റത്തിന് കാരണം എന്നാണ് ശാസ്ത്രീയ വിശദീകരണം.
കടുത്ത ഉത്കണ്ഠയിൽ നിന്നും ഉടലെടുത്ത കൂട്ട വിഭ്രാന്തി (Mass Hysteria) മൂലമാണ് കുട്ടികൾ ഇങ്ങനെ പെരുമാറുന്നത് എന്നാണ് മനശാസ്ത്ര വിശദീകരണം. വൈകാരികമോ മാനസികമോ ആയ സമ്മർദ്ദത്തിൽ നിന്നുമാണ് ഈ പ്രശ്നം ഉടലെടുക്കുന്നതെന്നാണ് മനോരോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ വർഷവും ഉത്തരാഖണ്ഡിലെ ചില സ്കൂളുകളിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബാഗേശ്വർ, ചമ്പാവത് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞ വർഷം ഇത്തരത്തിൽ പെൺകുട്ടികൾ വിചിത്രമായി പെരുമാറിയത്.











