തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യുവാവും യുവതിയും ഒന്നിച്ചിരുന്ന് യാത്ര ചെയ്തതിന് കണ്ടക്ടറുടെ സദാചാര ആക്രമണം. കാട്ടാക്കടയിലാണ് സംഭവം. ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്തതിന് പരസ്യമായ അധിക്ഷേപിച്ചതിന് പിന്നാലെ യുവാവിനെ ബസിലിട്ട് മർദ്ദിക്കുകയായിരുന്നു. വെളളറട ഡിപ്പോയിലെ കണ്ടക്ടർ സുരേഷ്‌കുമാറാണ് ആക്രമണം നടത്തിത്. യുവാവിന്റെ പരാതിയിൽ സുരേഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെങ്ങാനൂർ ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋതിക് കൃഷ്ണനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലെത്തിയ ബസിൽ ഒരു സീറ്റിലാണ് യുവാവും യുവതിയും ഇരുന്നത്. ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയതോടെ കണ്ടക്ടർ ഇരുവരോടും മാറിയിരിക്കാൻ ആവശ്യപ്പെട്ടു. യുവാവിന്റെ അടുത്തെത്തി ചെവിയിൽ മോശമായി സംസാരിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതോടെ ടിക്കറ്റ് റാക്ക് ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിച്ചു. തുടർന്ന് തളളി താഴെയിട്ട ശേഷം അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.












