മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസം എന്ന വാക്ക് കേരളത്തിന് ഏറെ പരിചിതമാണ്. അവതരണം മോശമായതിന്റെ കൂടെ പശ്ചാത്തലത്തില്‍ ദേശീയ ഗെയിംസില്‍ ലാലിസം ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചു. ഇപ്പോള്‍ കേരളത്തിന് സുപരിചിതമായ ‘ലാലിസം’ എന്ന വാക്ക് അനൗപചാരിക പ്രയോഗങ്ങളുടെ അന്താരാഷ്ട്ര നിഘണ്ടുവായ ‘അര്‍ബന്‍ ഡിക്ഷ്ണറി ഡോട്ട് കോമി’ലും ഇടം പിടിച്ചിരിക്കുന്നു. പ്രാഗത്ഭ്യമില്ലാത്ത പ്രവര്‍ത്തികളില്‍ കൈവച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുക എന്നാണ് ലാലിസത്തിന്റെ അര്‍ഥമെന്നാണ് ഓണ്‍ലൈന്‍ ഡിക്ഷ്ണറിയിലെ വ്യാഖ്യാനം.
ലാലിസത്തിന്റെ നാമവിശേഷണം ‘ലാലിസ്റ്റിക്’ എന്നും ക്രിയാവിശേഷണം ‘ലാലിസ്റ്റിക്കലി’ എന്നുമാണ് നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ഉദാഹരണവും നല്‍കിയിട്ടുണ്ട്. ‘അവസരം ലഭിക്കുമ്പോഴെല്ലാം ജോണ്‍ പാടാന്‍ കയറും, ഇയാളുടെ ലാലിസം കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്’ എന്നതാണ് ഉദാഹരണം. ഫെബ്രുവരി എട്ടിന്, ജഗ്ഗൂസേയ്സ് എന്ന ഉപയോക്താവാണ് ലാലിസത്തെ നിഘണ്ടുവിലേയ്ക്ക് ചേര്‍ത്തത്.
‘ഡിക്ഷ്ണറി ഡോട്ട് കോം’ എന്ന വെബ്സൈറ്റിന്റെ പാരഡി സൈറ്റായ ‘അര്‍ബന്‍ ഡിക്ഷ്ണറി’ 1999ലാണ് രൂപീകൃതമാകുന്നത്. 2014ഓടെ ഏഴു മില്യണ്‍ വാക്കുകളുടെ അര്‍ഥങ്ങള്‍ ഇതില്‍ ചേര്‍ക്കപ്പെട്ടു. ദിവസേന 2000 പുതിയ വാക്കുകളാണ് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നതും.
ദേശീയ ഗയിംസ് ഉദ്ഘാടനചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട ‘ലാലിസം’ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ ലാലിസത്തിനായി വാങ്ങിയിരുന്ന 1.65 കോടി രൂപ സര്‍ക്കാരിന് തിരികെ നല്‍കുകയും ചെയ്തു.
Discussion about this post