ന്യൂഡൽഹി: ജ്ഞാൻവാപി വിഷയത്തിൽ സുപ്രധാന പ്രതികരണവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജ്ഞാൻവാപിയിൽ ക്ഷേത്രമില്ലായിരുന്നുവെങ്കിൽ പിന്നെ മന്ദിരത്തിനുള്ളിലെ ഹൈന്ദവ ചിഹ്നങ്ങളായ ത്രിശൂലവും ജ്യോതിർലിംഗവും എവിടെ നിന്ന് വന്നുവെന്ന് യോഗി ചോദിച്ചു. ജ്ഞാൻവാപിയിലെ തങ്ങളുടെ അവകാശവാദം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് മുസ്ലീം പക്ഷം അംഗീകരിക്കുകയാണ് വേണ്ടതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ചിലർ ജ്ഞാൻവാപിയെ മസ്ജിദ് എന്ന് വിളിക്കുമ്പോഴാണ് അവിടെ തർക്കം ഉടലെടുക്കുന്നത്. അത് മസ്ജിദാണെങ്കിൽ പിന്നെ എന്താണ് അതിനുള്ളിലെ ത്രിശൂലത്തിന്റെ സാംഗത്യം? മന്ദിരത്തിനുള്ളിൽ ജ്യോതിർലിംഗമുണ്ട്. കൂടാതെ, മന്ദിരത്തിനുള്ളിലും പുറത്തും ധാരാളം ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളുണ്ട്. മസ്ജിദാണെന്ന് അവകാശവാദം ഉന്നയിക്കുന്നവർ ഇവയുടെയൊക്കെ സാംഗത്യം വിശദീകരിക്കണമെന്ന് യോഗി വ്യക്തമാക്കി.
പ്രതിപക്ഷ സഖ്യത്തിന് ഇൻഡിയ എന്ന് പേര് നൽകിയതിനെയും യോഗി പരിഹസിച്ചു. കുപ്പായം മാറിയത് കൊണ്ടൊന്നും ഉള്ളിലെ ദുർഗന്ധം പോകില്ല. അതിന് ഉദ്ദേശശുദ്ധിയാണ് വേണ്ടത്. ഏതായാലും കോൺഗ്രസിനും കൂട്ടർക്കും ഇപ്പോൾ അത് ഇല്ല എന്നായിരുന്നു യോഗിയുടെ പരിഹാസം.
Discussion about this post