തിരുവനന്തപുരം : മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി നേരെത്തെ അറിയിച്ചിരുന്നു. പൊലീസ് തനിക്കെതിരെ അകാരണമായി കേസുകൾ എടുക്കുകയാണെന്നും നോട്ടീസ് നൽകാതെ തന്നെ അറസ്റ്റ് ചെയ്യാനായി ഒരുങ്ങുന്നുവെന്നും ചൂണ്ടിക്കാട്ടി ഷാജൻ സ്കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രീം കോടതി ഉത്തരവിന് ശേഷവും കേരളത്തിൽ തനിക്കെതിരെ 107 കേസുകളെടുത്തെന്ന് ഷാജൻ സ്കറിയ കോടതിയെ അറിയിച്ചു. തന്നെ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജൻ സ്കറിയ കോടതിയെ അറിയിച്ചു. തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം എന്നാണ് കോടതി അറിയിച്ചത്. ഷാജൻ സ്കറിയയ്ക്കെതിരെ ഇതുവരെ എടുത്തിട്ടുള്ള കേസുകൾക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
പൊലീസിന് എതിർസത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചിട്ടുണ്ട്.
ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തതിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചു . ഈ സംഭവത്തിൽ മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതി അല്ലാത്ത ഒരാളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ പക്ഷേ അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ് എന്നും കോടതി പറഞ്ഞു. മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്‍റെ നാലാം തൂണാണ്. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത് എന്നും കോടതി വ്യക്തമാക്കി.
Discussion about this post