ന്യൂഡൽഹി: വ്യാഴാഴ്ച ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ ഹോക്കി ടീം ഇന്ത്യയിലെത്തി. അട്ടാരി – വാഗ അതിർത്തി വഴിയാണ് ടീം ഇന്ത്യയിലെത്തിയത്. ടൂർണമെന്റ് നടക്കുന്ന ചെന്നൈയിലെത്തിയ ടീം ഇവിടെ പരിശീലനവും നടത്തും.
കായിക മേഖലയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതൽ ശക്തമാകട്ടെയെന്ന് പാകിസ്താൻ ടീമിന്റെ പരിശീലകൻ മുഹമ്മദ് സഖ്‌ലെയ്ൻ പ്രതികരിച്ചു. കായികമേഖലയിലൂടെയും സിനിമയിലൂടെയും ഇന്ത്യയുമായുളള ബന്ധം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നത്. അവരുടെ അതിഥികളെ നല്ല രീതിയിൽ സ്വീകരിക്കാൻ മനസുളള വിശാലഹൃദയരാണ് ഇരുരാജ്യത്തെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 3 മുതൽ 12 വരെയാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നടക്കുക. ഓഗസ്റ്റ് മൂന്നിന് മലേഷ്യയുമായിട്ടാണ് പാകിസ്താന്റെ ആദ്യ മത്സരം. പിറ്റേന്ന് കൊറിയയുമായും ഏറ്റുമുട്ടും. ഓഗസ്റ്റ് 9 നാണ് പാകിസ്താനും ഇന്ത്യയുമായുളള മത്സരം.
ടൂർണമെന്റിലെ ജനപ്രിയ ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ബന്ധങ്ങൾ സ്ഥാപിക്കാൻ ഏറ്റവും മികച്ച മാർഗമാണ് സ്‌പോർട്‌സ് എന്ന് പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് ഉമർ ഭട്ട പറഞ്ഞു. ഇതുവരെ മൂന്ന് തവണ പാകിസ്താൻ കിരീടം നേടിയിട്ടുണ്ട്. 2018 ൽ ഇരുടീമുകളും കിരീടം പങ്കുവെച്ചു. 2021 ൽ ദക്ഷിണ കൊറിയ ആയിരുന്നു ചാമ്പ്യൻമാർ.










