അമ്പലപ്പുഴ: ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) തോട്ടപ്പള്ളി പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്.
പാൻക്രിയാസ് സംബന്ധമായ രോഗംബാധിച്ച് ചികിത്സയിലായിരുന്നു അഖിൽ. കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അസുഖം കൂടിയതിനേ തുടർന്ന് രാവിലെ 11.30ഓടെയാണ് അഖിലിനെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കാറിൽ കൊണ്ടു പോയത്. വഴിമദ്ധ്യേ തോട്ടപ്പള്ളി എത്തിയപ്പോൾ യുവാവ് കാറിന്റെ ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്ന് കായലിലേക്ക് എടുത്തു ചാടുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്‌നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post