ന്യൂഡൽഹി:ഡൽഹി ഭേദഗതി ബിൽ 2023 അഥവാ ഡൽഹി സേവന ബിൽ ബുധനാഴ്ച ലോക്സഭയിൽ ചർച്ചചെയ്യും. ബില്ലിൻമേലിൽ ലോക്സഭയിൽ ചർച്ചയ്ക്ക് ശേഷം ഓർഡിനൻസ് പുറപ്പെടുവിച്ച് ഉടൻ നിയമനിർമ്മാണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പ്രസ്താവന നടത്തും. ബില്ലിനെതിരെ പ്രതിപക്ഷ സഖ്യത്തെ കൂട്ടുപിടിച്ച് വൻ പ്രചാരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയത്. എന്നാൽ ആം ആദ്മി പാർട്ടിയുടെ എല്ലാ അവകാശവാദങ്ങളെയും അട്ടിമറിച്ച് ബില്ല് പാസ്സാക്കുന്നതിൽ ലോക്സഭയിൽ മാത്രമല്ല രാജ്യസഭയിലും ബിജെപി ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡൽഹി സർക്കാരിന്റെ അവകാശങ്ങളും സഹകരണവും സംബന്ധിച്ച ബിൽ രാജ്യസഭയിൽ പാസാക്കുന്നതിൽ സർക്കാരിന് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് കേന്ദ്രസർക്കാരിൻറെ നയതന്ത്ര വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. രാജ്യസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ബില്ലിനൊപ്പമാണെന്ന് ബിജെപിക്ക് പ്രതീക്ഷയുണ്ട്. ലോക്‌സഭയിൽ ബി.ജെ.പിക്ക് സ്വന്തമായി 301 എം.പിമാരുണ്ട്, ഇക്കാരണത്താൽ അവിടെ ഒരു ബില്ലും പാസാക്കുന്നതിൽ സർക്കാരിന് പ്രശ്‌നമില്ല. എന്നാൽ, രാജ്യസഭയിൽ എൻഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ ബിൽ രാജ്യസഭയിൽ ഉപേക്ഷിക്കുമെന്നാണ് ആം ആദ്മി പാർട്ടിയും പ്രതിപക്ഷ സഖ്യവും പ്രചാരണം നടത്തുന്നത്. ആംആദ്മിയുടെ രാജ്യവ്യാപക പ്രചാരണവും കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും അരവിന്ദ് കെജ്രിവാളിനെ തുണയിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷത്തിന്റെ ബാരിക്കേഡ് ഭേദിച്ച് ബിൽ പാസാക്കുന്നതിന് രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപിക്ക് കഴിയും. രാജ്യസഭയിലെ കണക്ക് പരിശോധിച്ചാൽ, ആകെ എംപിമാരുടെ എണ്ണം 237 ആണ്, ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി ദേശീയ തലസ്ഥാന (ഭേദഗതി) പാസാക്കാൻ സർക്കാരിന് 119 എംപിമാരുടെ പിന്തുണ ആവശ്യമാണ്. പക്ഷേ, കേവലഭൂരിപക്ഷത്തേക്കാൾ 128 എംപിമാരുടെ പിന്തുണ സർക്കാർ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ, 237 എംപിമാരും വോട്ട് ചെയ്താൽ ഒന്നോ രണ്ടോ എംപിമാരുടെ കൂടി പിന്തുണ ലഭിക്കുമെന്നാണ് സർക്കാരിൻറെ കണക്കുകൾ.
ബിജെപിക്ക് രാജ്യസഭയിൽ 92 എംപിമാരാണുള്ളത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ എഐഎഡിഎംകെയുടെ 4 എംപിമാരും അസം ഗണ പരിഷത്ത്, മിസോ നാഷണൽ ഫ്രണ്ട്, എൻപിപി, പിഎംകെ, ആർപിഐ(എ), ടിഎംസി(എം), യുപിപിഎൽ എന്നീ പ്രദേശിക പാർട്ടികളുടെ ഓരോ എംപിമാർ കൂടി ചേർന്നാൽ 103 ആകും. ഇതു കൂടാതെ ഒരു സ്വതന്ത്ര എംപിയുടെയും അഞ്ച് നോമിനേറ്റഡ് എംപിമാരുടെയും പിന്തുണ കൂടി ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻസിപിയുടെ (അജിത് പവാർ വിഭാഗം) രാജ്യസഭാ എംപി പ്രഫുൽ പട്ടേലുമായി കൈകോർക്കുന്ന സാഹചര്യവും ഇതോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സർക്കാരിന് 110 എംപിമാരുടെ പിന്തുണ ഉറപ്പായിട്ടുണ്ട്. കണക്കുകൾ ഇവിടെ തീരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈഎസ്ആർ കോൺഗ്രസും ബിജു ജനതാദളും ബിജെപി സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നത്.
വൈഎസ്ആർ കോൺഗ്രസിനും ബിജു ജനതാദളിനും രാജ്യസഭയിൽ 9 എംപിമാർ വീതമുണ്ട്. ഇരു പാർട്ടികളുടെയും പിന്തുണ ലഭിക്കുന്നതോടെ സർക്കാരിനൊപ്പം ബില്ലിനെ പിന്തുണയ്ക്കുന്ന എംപിമാരുടെ എണ്ണം 128 ആയി ഉയർന്നു, ഇത് ഭൂരിപക്ഷമായ 119 എന്നതിനേക്കാൾ വളരെ കൂടിയ സംഖ്യ തന്നെയാണ്. ഡൽഹി സർക്കാരിന്റെ അവകാശങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട ഈ ബിൽ സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ്, ഡിഎംകെ, ടിഎംസി എന്നിവയുൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികൾ ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനെ എതിർത്തു, ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു ബിൽ അവതരണത്തെ എതിർത്തത്.
ബില്ലിന്റെ അവതരണ വേളയിൽ ചർച്ചയിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ പാർട്ടികളുടെ വാദങ്ങൾ തള്ളി, ഡൽഹി സംസ്ഥാനത്തേയും സുപ്രീം കോടതിയേയും സംബന്ധിച്ച് ഏത് നിയമവും പാസാക്കാൻ ഭരണഘടന സഭയ്ക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് അമിത്ഷാ ലോക്സഭയെ അറിയിച്ചു. ഇതുസംബന്ധിച്ച കോടതി വിധിയും അമിത്ഷാ ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ലോക്‌സഭയിലെ സംഖ്യാബലത്തിന്റെ അടിസ്ഥാനത്തിൽ, ഈ ബിൽ പാസാകുമെന്ന് ഇതിനകം തന്നെ ഉറപ്പാണ്. ഇപ്പോൾ രാജ്യസഭയിലും ബില്ലിനെ പിന്തുണച്ച് സർക്കാർ ഭൂരിപക്ഷം നേടി കഴിഞ്ഞു. ലോക്‌സഭ ബുധനാഴ്ച ബിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭ പാസാക്കിയ ശേഷം സർക്കാർ രാജ്യസഭയിൽ ബിൽ അവതരിപ്പി ക്കും.
Discussion about this post