പാലക്കാട് : ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിക്ക് പകരം പോലീസ് അറസ്റ്റ് ചെയ്തത് 84 കാരിയായ വയോധികയെ. നാല് വർഷത്തോളം കാലമാണ് ഭാരതിയമ്മയ്ക്ക് ഇതിന് വേണ്ടി ഇവർക്ക് കോടതി കയറേണ്ടി വന്നത്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ ഇവർ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ കോടതി വെറുതെ വിട്ടു.
പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് അബദ്ധം പറ്റിയത്. 1998 ൽ നടന്ന കേസിലാണ് സംഭവം. വടക്കേത്തറ മഠത്തിൽ വീട് ഭാരതിയമ്മ എന്ന യുവതി വീടുകയറി ആക്രമിച്ചെന്നാണ് കേസ്. കള്ളിക്കാട് സ്വദേശി രാജഗോപാലിൻറെ വീട്ടുജോലിക്കാരി ആയിരുന്നു ഭാരതി. വീട്ടുകാരുമായി പ്രശ്‌നം ഉണ്ടാക്കിയ ഇവർ അസഭ്യം പറയുകയും ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ പ്രതിയെ പോലീസ് അന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി.
വർഷങ്ങൾക്ക് ഇപ്പുറം 2019 ൽ അന്നത്തെ കേസിലെ പ്രതിയെന്ന് ആരോപിച്ച് പോലീസ് 84 കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാരതിയമ്മ എന്ന പേരിലെ സാമ്യമാണ് പോലീസിനെ കുഴപ്പിച്ചത്. മഠത്തിൽ വീട് എന്ന വീട്ടുപേരും പ്രശ്‌നമായി. എന്നാൽ താനല്ല പ്രതിയെന്ന് ഭാരതിയമ്മ പോലീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അത് വിശ്വസിച്ചില്ല.
കേസിൽ ജാമ്യം ലഭിച്ചെങ്കിലും നാല് വർഷമായി ഇവർ കോടതി കയറിയിറങ്ങുകയാണ്. ഒടുവിൽ നിരപരാധിത്വം തെളിയിക്കാൻ ഇവർ പരാതിക്കാരെ കണ്ടെത്തുകയും കോടതിയിൽ വിളിച്ചുവരുത്തുകയും ചെയ്തു. കേസിലെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരല്ല യഥാർത്ഥ പ്രതിയെന്ന് തെളിഞ്ഞത്. അതേസമയം കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചു.












