കൊല്ലം: സ്പീക്കർ എഎൻ ഷംസീറിനെതിരെ ഗണപതി ക്ഷേത്രത്തിൽ പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡന്റ്. അസുരമംഗലം 2128 നമ്പർ കരയോഗത്തിൻറെ പ്രസിഡന്റും ഇടത് അനുഭാവിയുമായ അഞ്ചൽ ജോബ് ആണ് ഷംസീറിന് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ന് എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്. ഇതിനിടെയാണ് അഞ്ചൽ ജോബിന്റെ വിചിത്ര നടപടി.
രാവിലെ ഗണപതി ക്ഷേത്രത്തിൽ എത്തിയായിരുന്നു ജോബ് അഞ്ചൽ അർച്ചന നടത്തിയത്. ആയില്യം നാളിലാണ് വഴിപാട് നടത്തിയിരിക്കുന്നത്. രാഷ്ട്രീയവും സമുദായവും രണ്ടും രണ്ട് ആണെന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ജോബ് അഞ്ചൽ പ്രതികരിച്ചു. അതേസമയം എൻഎസ്എസ് പ്രതിഷേധത്തിന്റെ ഗൗരവം കെടുത്താനുളള ആസൂത്രിത നീക്കമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
സമുദായ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനവുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല. സമുദായം വേറെ രാഷ്ട്രീയ പ്രവർത്തനം വേറെ. സമുദായം ഇഷ്ടമാണ് . എന്നാൽ സമുദായത്തെ രാഷ്ട്രീയ വത്കരിക്കുന്നതിനോട് താത്പര്യമില്ല. ഇപ്പോഴുണ്ടാകുന്നത് അനാവശ്യ വിവാദമാണ്. ബഹു മാന്യനായ സുകുമാരൻ നായർ സർ ക്ഷേത്രത്തിൽപ്പോയി അർച്ചന നടത്തണമെന്ന് പറഞ്ഞു; അതുകൊണ്ട് ഷംസീറിന് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയെന്നും അഞ്ചൽ ജോബ് പ്രതികരിച്ചു. അതേസമയം ജോബ് അഞ്ചൽ കടുത്ത സിപിഎം അനുഭാവിയും എൽഡിഎഫ് യോഗങ്ങളിലെ സ്ഥിരം സാന്നിദ്ധ്യവുമാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി സോഷ്യൽ മീഡിയയിലും നിരവധി വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post