ഗുജറാത്ത് : സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നുവെന്നും വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനം ആഗോള പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്ത്രീ ശാക്തീകരണം സംബന്ധിച്ച് ഇന്ന് നടന്ന ജി 20 മന്ത്രിതല സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു. സ്ത്രീനേതൃത്വം ഉള്‍ക്കൊള്ളലിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശബ്ദം ഗുണപരമായ മാറ്റത്തിന് പ്രചോദനം നല്‍കുകയും ചെയ്യുന്നു. സ്ത്രീശാക്തീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം സ്ത്രീകള്‍ നയിക്കുന്ന വികസന സമീപനമാണെന്നും ഈ ദിശയില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രചോദനാത്മകമായ മാതൃകയാണ്. ഗോത്ര സമുദായത്തില്‍ നിന്നും വന്ന ആ വനിതയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ നയിക്കുന്നതും ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിരോധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി പ്രവര്‍ത്തിക്കുന്നതും”, അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ 46 ശതമാനവും സ്ത്രീകളാണ്. അവരുടെ നേതൃത്വത്തിലുള്ള വികസനം സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, പിഎം മുദ്രാ യോജനയ്ക്ക് കീഴിലുള്ള മൈക്രോ ലെവല്‍ യൂണിറ്റുകളെ പിന്തുണയ്ക്കുന്നതിനായുള്ള വായ്പകളില്‍ 70 ശതമാനവും സ്ത്രീകള്‍ക്കാണ് അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടി.
കൂടാതെ പ്രകൃതിയുമായി അഭേദ്യമായ ബന്ധമുള്ളത് കൊണ്ട് തന്നെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങളും സ്ത്രീകളുടെ പക്കലുണ്ട്. ഇന്ത്യയിലെ സ്ത്രീകള്‍ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ‘മിഷന് ലൈഫി’ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയ്ക്കു കീഴില്‍, സ്ത്രീശാക്തീകരണത്തിനായി പുതിയ കര്‍മസമിതി രൂപീകരിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post