കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപയാത്രയ്ക്കെതിരെ സർക്കാർ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കർ എഎൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇസ്ലാം മതത്തിന്റെ മഹത്വത്തെ കുറിച്ച് പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീർ ഗണപതിയെ അവഹേളിക്കുന്നത് പരമതനിന്ദയാണ്. ഇത് അംഗീകരിച്ചു തരാൻ സാധിക്കില്ല. മുത്തലാഖിനെ കുറിച്ചും മുസ്ലിം പെൺകുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്കൃതമായ ആചാരങ്ങളെ കുറിച്ചും സംസാരിക്കാത്ത ഷംസീർ എന്തിനാണ് ഹിന്ദുക്കളെ സയന്റഫിക്ക് ടെമ്പർ പഠിപ്പിക്കാൻ വരുന്നത്. നോമ്പെടുക്കുന്ന, പള്ളിയിൽ പോവുന്ന ഇസ്ലാംമത വിശ്വാസിയായ ഷംസീർ ഹിന്ദുക്കളുടെ ആരാധനാ മൂർത്തികളെ അപമാനിക്കുന്നത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അന്ന് അരലക്ഷം പേരെയാണ് പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കിയത്. ഇന്നും സമാനമായ രീതിയിൽ വിശ്വാസികളെ പീഡിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്പീക്കറുടെ ഗണപതി അവഹേളനത്തിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകാൻ തയ്യാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തിൽ ഇത്തരമൊരു പ്രസ്താവന നടത്താൻ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പറയണം. ഷംസീറിനെ പോലെയുള്ള മതമൗലികവാദികളുടെ പിന്തുണയുള്ള നേതാവിനെ നിയന്ത്രിക്കാൻ പിണറായി വിജയൻ തയ്യാറാകണം. 30 ശതമാനം വരുന്ന മുസ്ലിംവോട്ട് ലക്ഷ്യം വെച്ചാണ് സിപിഎം ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. എഎൻസ്എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. സമാനചിന്താഗതിയുള്ള എല്ലാവരുമായും ചേർന്ന് ബിജെപി വലിയ പ്രതിഷേധമുയർത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post