കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയുടെ മൃതശരീരം ലഭിച്ച ആലുവ മാര്‍ക്കറ്റിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ ചെരുപ്പും കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ച തുണിയും പ്രതി അസ്ഫാഖ് ആലം പോലീസിന് കാണിച്ചു കൊടുത്തു. കുട്ടി ധരിച്ചിരുന്ന വസ്ത്രം കീറിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി നേരത്തെ സമ്മതിച്ചിരുന്നു.
മൃതദേഹം ലഭിച്ചതിനും അല്പം മാറിയാണ് പ്രതി ഇവയൊക്കെ ഉപേക്ഷിചിരുന്നത്. ഈ രണ്ടു സ്ഥലങ്ങളിലും ഇന്ന് അസ്ഫാഖ് ആലവുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാകും ബാക്കി തെളിവെടുപ്പെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ ജനരോഷം കണക്കിലെടുത്ത് വലിയ രീതിയിലുള്ള സുരക്ഷ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയത്.
നേരത്തെയും കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസില്‍ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള സംഘം വരും ദിവസം ബിഹാറിലേക്ക് പോകും.
Discussion about this post