കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറു നിർണ്ണായക സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. കുട്ടിയേയും കൊണ്ട് പ്രതി അസ്ഫാഖ് ആലം സഞ്ചരിക്കുന്നത് കണ്ടവര്‍ ഉള്‍പടെയുള്ളവര്‍ പട്ടികയിലുണ്ട്. വീടിനു സമീപം താമസിക്കുന്നവരും ആലുവ മാര്‍ക്കറ്റില്‍ നിന്നുള്ളവരും അടങ്ങിയതാണ് ആറംഗ സാക്ഷി പട്ടിക. കുട്ടിയുടെ മാതാപിതാക്കളോടും വിവരങ്ങള്‍ ചോദിച്ചറിയും.
അതേസമയം കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചു കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി. പ്രതി താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റു പങ്കാളികള്‍ ഇല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണത്തില്‍ മറ്റു പ്രതികളുടെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നാണ് പോലീസിന്റെയും നിഗമനം.
ഇന്നലെ പ്രതി അസ്ഫാഖ് ആലത്തിനെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയുടെ വസ്ത്രവും ചെരുപ്പും അടക്കമുള്ള സാധനങ്ങള്‍ പോലീസ് അവിടെ നിന്ന് കണ്ടെടുത്തു. ഇന്ന് പെണ്കുട്ടിയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും പ്രതിയെ എത്തിച്ചു കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്.
Discussion about this post