ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം. കേസിൽ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബിആർ ഗവായി അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിചാരണ കോടതിയുടെ വിധി രാഹുലിന്റെ അയോഗ്യതയിലേക്ക് നയിച്ചിരുന്നു. എംപി ഇല്ലാതെ മണ്ഡലം ഒഴിഞ്ഞു കിടക്കുന്നത് ജനങ്ങളെ ബാധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി രാഹുലിന് അനുകൂല വിധി പുറപ്പെടുവിച്ചത്. ശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചതിലൂടെ രാഹുലിന് നഷ്ടപ്പെട്ട എംപി സ്ഥാനം തിരിച്ചു കിട്ടും.
മണിക്കൂറുകളോളം നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിൽ ആയിരുന്നു കോടതിയുടെ ഉത്തരവ്. കേസിൽ രണ്ട് വർഷക്കാലം ശിക്ഷ നൽകേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പരമാവധി ശിക്ഷ നൽകുന്നത് എന്തിനെന്ന കാര്യം വിചാരണ കോടതി കൃത്യമായി വ്യക്തമാക്കിയിരുന്നില്ല. ഇതും രാഹുലിന് അനുകൂല വിധി പുറപ്പെടുവിക്കുന്നതിലേക്ക് സുപ്രീംകോടതിയെ നയിച്ചു.
കേസിൽ ഇന്നലെ രാഹുൽ കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകിയിരുന്നു. ഇതും ഇന്നത്തെ വാദങ്ങളും പരിഗണിച്ചുകൊണ്ടായിരുന്നു രാഹുലിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വിയാണ് രാഹുലിന് വേണ്ടി കോടതിയിൽ ഹാജരായത്.
കേസിൽ കുറ്റക്കാരൻ ആണെന്നും വിചാരണ നേരിടണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നു.
Discussion about this post