ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ‘അമൃത് ഭാരത് സ്റ്റേഷൻ സ്കീം’ പ്രകാരം ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താനായി തീരുമാനിച്ചു . ആഗസ്റ്റ് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 24,470 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
ഈ സ്റ്റേഷനുകളുടെ വികസനമാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രധാനമന്ത്രി ഈ റെയിൽവേ സ്റ്റേഷനുകളുടെ പുരോഗതി നേരിട്ട് നിരീക്ഷിക്കുകയാണെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. ഈ സ്റ്റേഷനുകളുടെ രൂപകൽപ്പനയിൽ പ്രധാനമന്ത്രി വേണ്ടെ നിർദ്ദേശങ്ങൾ നൽകിയിരുന്നെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഉത്തർപ്രദേശിലും രാജസ്ഥാനിലും 55 റെയിൽവേ സ്റ്റേഷനുകളാണ് നവീകരണം നടത്തുന്നത്. ബിഹാറിൽ 49, മഹാരാഷ്ട്രയിൽ 44, പശ്ചിമ ബംഗാളിൽ 37, മധ്യപ്രദേശിൽ 34, അസമിൽ 32, ഒഡീഷയിൽ 25, പഞ്ചാബിൽ 22 എന്നിങ്ങനെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 508 സ്റ്റേഷനുകൾ ഇത്തരത്തിൽ നവീകരിക്കും . ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ജാർഖണ്ഡിൽ 20 എണ്ണവും ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും 18 വീതവും ഹരിയാനയിൽ 15 സ്റ്റേഷനുകളും കർണാടകയിൽ 13 സ്റ്റേഷനുകളും നവീകരണം നടത്തും.
Discussion about this post