ന്യൂഡൽഹി : ഗണപതി ഭഗവാൻ മിത്താണ് എന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇനി ചർച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലക്ക്. മിത്ത് വിവാദം നീണ്ടുപോകുന്നത് കേരളത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ഭിന്നിപ്പ് ഉണ്ടാകുമെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞതിൽ തെറ്റില്ല എന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും അഭിപ്രായം. അതിനാൽ തന്നെ ഈ വിഷയം കേന്ദ്ര നേതൃത്വം ചർച്ച ചെയ്യേണ്ട ആവശ്യമില്ല എന്നും സിപിഎം വ്യക്തമാക്കി.
സ്പീക്കർ എ എൻ ഷംസീർ പറഞ്ഞതിൽ തെറ്റൊന്നുമില്ല, എന്നാൽ ഈ വിഷയം തുടർ ചർച്ച നടത്തി ഊതി പെരുപ്പിക്കേണ്ട കാര്യമില്ലെന്നും സിപിഎം കേന്ദ്ര നേതൃത്വം പറയുന്നു. സ്പീക്കറുടെ പ്രസ്താവന വളച്ചൊടിച്ചു കൊണ്ടാണ് പ്രചാരണം നടത്തിയത് എന്നാണ് കേന്ദ്ര നേതൃത്വത്തിന് ഈ വിഷയത്തിലുള്ള അഭിപ്രായം. മിത്ത് വിഷയത്തിൽ കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത് എന്നും സിപിഎം കേന്ദ്ര നേതൃത്വം പറയുന്നു.
ശാസ്ത്രാവബോധം വളർത്തണമെന്ന് ഭരണഘടന നിർദേശിക്കുന്നതാണെന്ന് പറഞ്ഞ സിപിഎം കേന്ദ്ര നേതൃത്വം പാർട്ടി വിശ്വാസികൾക്ക് എതിരല്ല എന്നും വ്യക്തമാക്കി. പാർട്ടി ഒരു വിശ്വാസത്തെയും ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നില്ലെന്നും ഷംസീർ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്നുമാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കുന്ന സമയത്ത് കേരളത്തിൽ കോൺഗ്രസ് ആർഎസ്എസ് അജണ്ടയ്ക്ക് ഒപ്പം നിൽക്കുകയാണെന്നും സിപിഎം കേന്ദ്ര നേതൃത്വം വിമർശിച്ചു.










Discussion about this post