പാലക്കാട് : രണ്ടു വർഷത്തിനിടയിൽ 1,570 ലേറെ കിണറുകൾ കുഴിച്ചുകൊണ്ട് പാലക്കാട്ടെ താരങ്ങൾ ആവുകയാണ് സ്ത്രീകളുടെ ഒരു സംഘം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലാണ് ഈ സ്ത്രീകൾ കിണറുകൾ കുഴിക്കുന്നത്. വല്ലപ്പുഴ ഗ്രാമപഞ്ചായത്തിൽ മാത്രം തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ മൂന്നുമാസത്തിനുള്ളിൽ 35 കിണറുകളാണ് കുഴിച്ചത്.
വേനൽക്കാലത്ത് കടുത്ത വരൾച്ചയും ജലക്ഷാമവും നേരിടുന്ന പല പ്രദേശങ്ങളും പാലക്കാട് ജില്ലയിൽ ഉണ്ട്. കിണർ കുഴിക്കുന്നതിന് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ ആവശ്യത്തിന് ലഭ്യമല്ലാതിരുന്നത് ഇവിടെ പലയിടത്തും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ കിണർ കുഴിക്കുന്നതിനായി മുന്നിട്ടിറങ്ങിയത്. MNREGA പദ്ധതിയിലെ വനിതാ തൊഴിലാളികൾ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി പാലക്കാട് 1,578 കിണറുകളാണ് നിർമ്മാണം പൂർത്തിയാക്കിയത്.
വലിയ രീതിയിൽ കുടിവെള്ളക്ഷാമം നേരിട്ടിരുന്ന പൂക്കോട്ടുകാവ് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികൾ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 190 കിണറുകൾ നിർമ്മിച്ചു. വല്ലപ്പുഴ പഞ്ചായത്തിൽ മൂന്നുമാസത്തിനുള്ളിൽ തന്നെ 35 കിണറുകളുടെ പണി പൂർത്തീകരിച്ചു. ആദ്യമെല്ലാം ഈ ജോലിക്ക് മുന്നിട്ടിറങ്ങാൻ സ്ത്രീകൾ വിമുഖത കാണിച്ചിരുന്നെങ്കിലും ഇപ്പോൾ മുന്നൂറോളം സ്ത്രീകളാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പാലക്കാട് വിവിധ പഞ്ചായത്തുകളിൽ കിണർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹരായ വ്യക്തികളെ തിരഞ്ഞെടുത്താണ് പഞ്ചായത്തുകൾ കിണറുകളുടെ നിർമ്മാണം നടത്തുന്നത്. പാലക്കാട് അലനല്ലൂർ പഞ്ചായത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റവും കൂടുതൽ കിണറുകൾ കുഴിച്ചിട്ടുള്ളത്. 2021-22 വർഷത്തിൽ ഈ പഞ്ചായത്തിൽ 135 കിണറുകൾ ആണ് തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ സംഘം കുഴിച്ചത്.
Discussion about this post