തിരുവനന്തപുരം: പോക്‌സോ കേസിൽ പ്രതിയായ അംഗത്തെയും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച ഏരിയ കമ്മറ്റി അംഗത്തെയും പുറത്താക്കി സിപിഐ. തിരുവനന്തപുരം കുന്നത്തുകാലിൽ അഞ്ചുവയസുകാരിയെയാണ് സിപിഐ നേതാവായ വിശ്വംഭരൻ ലൈംഗികമായി പീഡിപ്പിച്ചത്.
രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ ഇടനിലയായി നിന്ന വെള്ളറട ഏരിയ കമ്മറ്റി അംഗവും പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്. പ്രതിയായ വിശ്വംഭരനിൽ നിന്നും വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. കുട്ടിയെ ഉപദ്രവിച്ച വിശ്വംഭരൻ ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ ദിവസം സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്ററുമായ എൻ ഭാസരാംഗനെ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവിലാണു തീരുമാനം. ഭാസുരാംഗന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും പാർട്ടിക്കു ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നു കണ്ടതിനെത്തുടർന്നാണു ജില്ലാ എക്‌സിക്യൂട്ടീവ് നടപടിയെടുത്തത്.












