ഹൈദരാബാദ്: മാവോയിസ്റ്റ് ഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദർ അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 74 വയസായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഗുമ്മാടി വിട്ടൽ റാവു എന്നാണ് യഥാർത്ഥ പേര്.
1980 കളിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്‌സിസ്റ്റ് -ലെനിനിസ്റ്റ് ) അംഗമായ ഗദ്ദർ, ഒളിവുജീവിതം നയിച്ചിരുന്നു. സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. 1997 ൽ ഗദ്ദറിനെതിരെ വധശ്രമം ഉണ്ടായെങ്കിലും അതിനെ അതിജീവിച്ചു. നട്ടെല്ലിൽ വെടിയുണ്ടയുമായാണ് ശിശ്ടകാലം ജീവിച്ചത്. 2010 വരെ നക്‌സലേറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ഗദ്ദർ. തെലങ്കാനയുടെ സംസ്ഥാന പദവിക്കായി പേരാടിയ ഗായകൻ കൂടിയാണ്. മാവോയിസ്റ്റ് വിപ്ലവ ഗാനങ്ങളുടെ രചയിതാവ് കൂടിയായിരുന്നു ഗദ്ദർ.
2011 ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിലൂടെ സർക്കാരിന്റെ നന്ദി അവാർഡ് ഗദ്ദറിന് ലഭിച്ചിരുന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി വോട്ട് ചെയ്തത്. അത് വരെ വോട്ടെടുപ്പിൽ ഗദ്ദർ വിശ്വസിച്ചിരുന്നില്ല.
Discussion about this post