കോതമംഗലം: യുവ കർഷകനോട് കെഎസ്ഇബിയുടെ കൊലച്ചതി. ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നുവെന്ന കാരണത്താൽ ഓണത്തിന് വിളവെടുക്കാനിരുന്ന നാനൂറോളം വാഴകളാണ് കെഎസ്ഇബി വെട്ടിക്കളഞ്ഞത്. കോതമംഗലം പുതുപ്പാടി അനീഷ് എന്ന കർഷകന്റെ വാഴത്തോട്ടമാണ് കെഎസ്ഇബി ജീവനക്കാർ കുട്ടിച്ചോറാക്കിയത്.
406 വാഴകളാണ് അനീഷ് വെച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും ടച്ചിംഗ് വെട്ടിൽ നിലംപരിശായി. കുലച്ച് പാകമാകാനിരുന്ന വാഴകളാണ് നശിപ്പിച്ചത്. കുല ഉൾപ്പെടെ നിലത്തുകിടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. വൈദ്യുതി ലൈനിൽ തട്ടാൻ സാദ്ധ്യതയുളള വാഴയിലയോ മറ്റോ വെട്ടുന്നതിന് പകരം വാഴ തന്നെ വെട്ടിക്കളയുകയാണ് ചെയ്തത്.
മുന്നറിയിപ്പൊന്നും നൽകാതെയാണ് വാഴകൾ വെട്ടിയതെന്ന് അനീഷ് പറയുന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നും ഇയാൾ വ്യക്തമാക്കി. 10 മുതൽ 15 കിലോ വരെ വരുന്ന കുലകളാണ് വെട്ടിയത്. കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിൽ താൻ തന്നെ വാഴയുടെ തണ്ടും ഇലയും ലൈനിൽ തട്ടാത്ത രീതിയിൽ വെട്ടിമാറ്റുമായിരുന്നുവെന്നും അനീഷ് പറയുന്നു. സംഭവത്തിൽ കെഎസ്ഇബി പ്രതികരിച്ചിട്ടില്ല.












