കാട്ടാക്കട : വീടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം. കാട്ടാക്കടയിൽ ആണ് സംഭവം നടന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയത് താക്കീത് ചെയ്തതിന്റെ മുൻ വൈരാഗ്യം ആണ് ഗൃഹനാഥനെ ഇത്തരത്തിൽ കൊല്ലാൻ ശ്രമിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു.
കാട്ടാക്കട സ്വദേശിയായ രാജു ആണ് തന്നെ വിഷപ്പാമ്പിനെ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് പോലീസ് 30 വയസ്സുകാരനായ ഗുണ്ടുറാവു എന്ന കിച്ചുവിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജുവിന്റെ മകളെ സ്ഥിരമായി ശല്യം ചെയ്തിരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഗുണ്ടുറാവുവിനെതിരെ രാജു പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.
ഞായറാഴ്ച പുലർച്ചയാണ് സംഭവം നടക്കുന്നത്. തുടർന്ന് രാജു കാട്ടാക്കട പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പോലീസ് ഈ പരാതി കാര്യമായി എടുത്തിരുന്നില്ല. തുടർന്ന് ഗുണ്ടുറാവു എറിഞ്ഞ വിഷപ്പാമ്പിന്റെ അവശിഷ്ടങ്ങൾ ഹാജരാക്കിയതോടെയാണ് പോലീസ് ഈ പരാതി ഗൗരവതരമാണെന്ന് മനസ്സിലാക്കുന്നത്. ഇതോടെ പോലീസ് ഗുണ്ടുറാവുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post