കൊറോണ കാലത്തിന് ശേഷം പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയെ കരകയറ്റിയതും കേരളത്തിലെ തിയറ്ററുകളില്‍ ജനസാഗരം തീര്‍ത്തതും മാളികപ്പുറം 2018 എന്നീ ചിത്രങ്ങളാണെന്ന് നിര്‍മ്മാതാവും നടനുമായ സുരേഷ്‌കുമാര്‍. മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളായിരുന്നു ഇവ രണ്ടും. ഒരേ നിര്‍മ്മാതാക്കളാണ് ഈ രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചതും. മലയാളത്തില്‍ ഈ അടുത്ത കാലത്ത് ഇത്രയധികം ജനപ്രീതി ലഭിച്ച ചിത്രങ്ങള്‍ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 2018-ന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ വര്‍ഷം മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് 2018. കേരളത്തിലെ തിയറ്ററുകള്‍ പൊട്ടിപോകുന്ന അവസരത്തില്‍ രണ്ട് സിനിമകളാണ് മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയത്. ഒന്ന് മാളികപ്പുറവും മറ്റൊന്ന് 2018ും. ഈ രണ്ട് സിനിമകളും ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു. ഇത് തമാശ പറയുന്നതല്ല. എനിക്ക് വ്യക്തമായിട്ട് അറിയാവുന്ന കാര്യമാണ്. പല തിയറ്ററുകളും പൂട്ടി പോകുമായിരുന്ന അവസ്ഥയിലായിരുന്നു. ലോണ്‍ അടയ്ക്കാന്‍ കഴിയാത്തതു കൊണ്ട് ബാങ്ക് നോട്ടീസ് അയച്ച പല തിയറ്ററുകളും അപ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്നു’, സുരേഷ് കുമാര്‍ പറഞ്ഞു.
‘മലയാള സിനിമയ്ക്ക് വലിയ സഹായമാണ് ഈ രണ്ട് സിനിമകളും ചെയ്തത്. രണ്ട് സിനിമകളും നല്‍കിയതിന് നിര്‍മ്മാതാക്കളായ വേണു കുന്നിപ്പള്ളിയോടും ആന്റോ ജോസഫിനോടും നന്ദി പറയുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി 2018 മാറി. ഈ സിനിമ കളക്ട് ചെയ്ത പോലെ വേറെ ഒരു സിനിമയും പണം വാരിയിട്ടില്ല. ഇതിന് മുമ്പും നൂറ് കോടി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു സിനിമ വേറെയില്ല. മാമാങ്കം എടുത്ത് കുറേ വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും അതില്‍ നിന്നെല്ലാം പാഠം പഠിച്ചു കൊണ്ട് നല്ല രണ്ട് സിനിമകള്‍ വേണു ചെയ്തു. അതിന് അദ്ദേഹത്തിന് നന്ദി’, സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post