തിരുവനന്തപുരം; ഏക സിവിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡിൽ നിന്നും കേന്ദ്രം പിന്മാറണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുക.
118 ചട്ടംപ്രകാരമാണു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഏക സിവിൽകോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ പ്രമേയം ഐക്യകണ്‌ഠേന പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ.
ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു. വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, മതനിന്ദ തുടങ്ങിയ വിഷയങ്ങളിൽ എല്ലാവർക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവിൽ കോഡ് കൊണ്ടുവരുന്നത്. വിവാഹം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങളിൽ രാജ്യമൊട്ടുക്കും ഏകനിയമം നടപ്പിലാക്കുക എന്നതാണ് ഏകസിവിൽകോഡിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ ഏകസിവിൽ കോഡ് ചർച്ചകൾ ആരംഭിപ്പോൾ തന്നെ സിപിഎം നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിൽ മുസ്ലിം സംഘടനകളെ കൂട്ടുപിടിച്ച് വിഷയം ആളികത്തിക്കാനാണ് സിപിഎം ശ്രമിച്ചത്. വിഷയം ചർച്ചചെയ്യാനായി സിപിഎം സെമിനാർ സംഘടിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്നാരംഭിച്ച് 15–ാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിൽ പ്രമേയം പാസാക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനും ആദരമർപ്പിച്ച് ഇന്നു സഭ പിരിയുകയായിരുന്നു. നിയമസഭാ സമ്മേളനം 24നു സമാപിക്കും.
Discussion about this post