ഹൈദരാബാദ്; ആന്ധ്രാപ്രദേശിൽ മരണത്തെ മുഖാമുഖം കണ്ട് 10 വയസുകാരി. അമ്മയുടെ കാമുകൻ 10 വയസുകാരിയെ പാലത്തിൽ നിന്ന് തള്ളി താഴെയിട്ട് കൊല്ലാൻ നോക്കുകയായിരുന്നു.എന്നാൽ പാലത്തിന്റെ താഴെയുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന കുട്ടി പോക്കറ്റിലെ ഫോണെടുത്ത് പോലീസിനെ വിളിക്കുകയായിരുന്നു. ശരവേഗത്തിൽ എത്തിയ പോലീസ് കുട്ടിയെ രക്ഷിച്ചു. 10 വയസുകാരിയോടൊപ്പം യുവാവ് തള്ളിയിട്ട സ്ത്രീക്കായും ഒന്നരവയസുള്ള കുട്ടിക്കായുമുള്ള തിരച്ചിൽ തുടരുകയാണ്.
ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും യുവാവ് തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. ഒരു വർഷമായി സ്ത്രീക്കൊപ്പം താമസിച്ച് വരികയായിരുന്നു യുവാവ്. രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. പുലർച്ചെയോടെ പാലത്തിന് അരികെ അമ്മയെയും കുഞ്ഞുങ്ങളെയും ഫോട്ടോ എടുക്കാൻ എന്ന പേരിൽ സുരേഷ് നിർത്തി.തുടർന്ന് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതി എവിടെയെന്നതിൽ ഏകദേശ വിവരം ലഭിച്ചിട്ടുണ്ടെന്നും, ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.











