ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ബഹളങ്ങളെ അതിജീവിച്ച് അവിശ്വാസ പ്രമേയ നോട്ടീസിൽ ശക്തമായ മറുപടിയുമായി ബിജെപി എം പി നിശികാന്ത് ദുബെ. ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയ ചർച്ച തുടങ്ങി വെച്ചതിനെ പരിഹസിച്ച്, രാഹുൽ എവിടെ പോയി എന്ന ചോദ്യത്തോടെയാണ് നിശികാന്ത് ദുബെ സംസാരിച്ച് തുടങ്ങിയത്. ഇതിൽ പ്രകോപിതരായ പ്രതിപക്ഷം ബഹളം വെച്ചുവെങ്കിലും, അതിനെ അവഗണിച്ച് അദ്ദേഹം സംസാരം തുടരുകയായിരുന്നു.
രാഹുൽ ഗാന്ധിക്ക് സംസാരിക്കാനുള്ള മൂഡ് ഇല്ലെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. അദ്ദേഹം ഇതുവരെ ഉറക്കം എഴുന്നേറ്റില്ലേ എന്നായിരുന്നു നിശികാന്ത് ദുബെയുടെ ചോദ്യം. പിന്നാക്ക വിഭാഗത്തെ ആക്ഷേപിച്ച കേസിൽ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ല. പരമാവധി ശിക്ഷ സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്. താൻ മാപ്പ് പറയില്ല എന്നാണ് രാഹുൽ പറയുന്നത്. താൻ സവർക്കറല്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് സവർക്കറാകാൻ കഴിയില്ലെന്ന് ഇപ്പോൾ ബോദ്ധ്യമായില്ലേ എന്ന് ദുബെ ചോദിച്ചു.
സോണിയ ഗാന്ധിയുടെ കോൺഗ്രസിന് രണ്ട് തരം സംസ്കാരങ്ങളുണ്ട്. ഒന്നാമത്തേത് മകൻ രാഹുലിന്റെ പി ആർ വർക്കാണ്. രണ്ടാമത്തേത് മരുമകൻ റോബർട്ട് വാദ്രക്ക് സമ്മാനങ്ങൾ നൽകുക എന്നതുമാണ്. നിശികാന്ത് ദുബെ പറഞ്ഞു.
തുടർന്ന്, അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ആവർത്തിച്ചു. ഇത് ഒരു അവിശ്വാസ പ്രമേയമല്ല. തങ്ങൾക്കൊപ്പം ആരൊക്കെ നിലകൊള്ളും എന്ന് മനസിലാക്കാനുള്ള കോൺഗ്രസിന്റെ വിശ്വാസ പ്രമേയമാണ്. പ്രതിപക്ഷത്തിന്റെ നീക്കം ബിജെപിക്കോ പ്രധാനമന്ത്രിക്കോ എതിരെയല്ല. അത് ഈ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ദുബെ വ്യക്തമാക്കി.








