ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കയസ്തയുടെ ന്യൂഡല്‍ഹി സാകേതിലെ ഫ്‌ളാറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കേസില്‍ ഇയാള്‍ക്കെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറില്‍ അന്വേഷണ ഏജന്‍സി ഇയാളുടെ വീടും പരിസരം റെയ്ഡ് ചെയ്തിരുന്നു. ചൈനീസ് സര്‍ക്കാര്‍ മാദ്ധ്യമങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയിയില്‍ നിന്ന് പണം സ്വീകരിക്കുന്ന ആഗോള ശൃംഖലയുടെ ഭാഗമാണ് ന്യൂസ്‌ക്ലിക്കെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദേശ ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ വാര്‍ത്തകള്‍ നല്‍കിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ആരോപിക്കുന്നത്. കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരം കണ്ടുകെട്ടിയ 4.52 കോടി രൂപയുടെ സ്വത്ത് ഈ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിതീകരിക്കുന്നു. കൂടാതെ ന്യൂസ്‌ക്ലിക്കിന്റെ നടത്തിപ്പവകാശമുള്ള പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് ഇതുവരെ 86 കോടി രൂപയിലധികം വിദേശ ഫണ്ട് നിക്ഷേപം നടത്തിയതിനെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.
2021 വരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി കമ്പനികള്‍ ഇവര്‍ക്ക് പണം നല്‍കിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പണം നല്‍കാനായി മാത്രം ഒരു സേവനവും ന്യൂസ്‌ക്ലിക്ക് ഇവര്‍ക്കായി ചെയ്ത് നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ 2018 ല്‍ അമേരിക്കയിലെ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍എല്‍സി എന്ന കമ്പനിയില്‍ നിന്നും ന്യൂസ്‌ക്ലിക്കിലേക്ക് 9.59 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഫണ്ട് നിക്ഷേപിച്ചതിന്റെ തൊട്ട് പിന്നാലെ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ജസ്റ്റിസ് ആന്‍ഡ് എജ്യുക്കേഷന്‍ ഫണ്ട് ഇന്‍ക് എന്ന കമ്പനിയില്‍ നിന്നെത്തിയ പണം പ്രബീര്‍ പുര്‍കയസ്തയുടെ അടുത്ത സുഹൃത്തായ സിങ്കം എന്ന വ്യക്തിയുടേതാണെന്ന് ഇഡി സംശയിക്കുന്നു. ഇയാള്‍ക്ക് ചൈനയിലെ കമ്മൂണിസ്റ്റ് സര്‍ക്കാരുമായി അടുത്ത ബന്ധമാണുള്ളതെന്ന് അനേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരിയുടമകളില്‍ ഒരാള്‍ ഇഡിക്ക് നല്‍കിയ മൊഴി പ്രകാരം അമേരിക്കയിലെ ജസ്റ്റിസ് ആന്‍ഡ് എജ്യുക്കേഷന്‍ ഫണ്ടില്‍ നിന്നും ജിഎസ്പിഎഎന്‍ എല്‍എല്‍സിയില്‍ നിന്നും ലഭിച്ച ഫണ്ടുകളുടെ ആത്യന്തിക ഉടമ സിങ്കമാണ്. ഈ വിദേശ നിക്ഷേപങ്ങളുടെ രീതി പരിശോധിച്ചാല്‍ രാജ്യവിരുദ്ധ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നതിനാണ് ന്യൂസ്‌ക്ലിക്ക് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് മനസ്സിലാകുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ന്യൂസ്‌ക്ലിക്കിലെ വാര്‍ത്തകളുടെ ഉള്ളടക്കത്തെ സിങ്കം സ്വാധീനിക്കുന്നുവെന്നും അതിനാല്‍ ഇവ ‘പെയ്ഡ് ന്യൂസ്’ ആണെന്നും ഇഡി വ്യക്തമാക്കി.
പുര്‍കയസ്തയുടേതെന്ന് കരുതപ്പെടുന്ന ഡല്‍ഹി സാകേതിലെ ഫ്‌ലാറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കള്ളപ്പണം ഉപയോഗിച്ചതായി ഏജന്‍സി കണ്ടെത്തി. നേരത്തെ ഇയാളുടെ പേരിലുള്ള 41 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഇഡി കണ്ടുകെട്ടിയിരുന്നു.
വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിനായി ചില മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ഇവര്‍ പണം അയച്ചിട്ടുണ്ട്. കൂടാതെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയ്ക്ക് കമ്പനി 17.08 ലക്ഷം രൂപ ശമ്പളമായി നല്‍കിയതായും അനേഷണത്തില്‍ കണ്ടെത്തി.
Discussion about this post