ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ വ്യാജരേഖകൾ ചമച്ച് കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പ്രസ്തുത കേസ് സിബിഐ ഏറ്റെടുക്കണമെന്ന് കഴിഞ്ഞയാഴ്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇതിനെ തുടർന്നാണ് ബുധനാഴ്ച കേസ് സിബിഐ ഏറ്റെടുത്തത്.
പശ്ചിമബംഗാളിൽ നിന്നും സായുധ സേനയിലേക്കും കേന്ദ്ര സായുധ പോലീസ് സേനയിലേക്കും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി നിയമവിരുദ്ധമായി നിരവധി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്തുവെന്നാണ് ആരോപണം. ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടരന്വേഷണത്തിന് അന്വേഷണ ഏജൻസിക്ക് എല്ലാ സഹായവും നൽകാൻ പശ്ചിമബംഗാൾ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സിബിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സായുധ സേനയിലെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇതുവരെ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ സെൻട്രൽ പാരാ മിലിട്ടറി ഫോഴ്‌സിലെ ജോലിയുടെ കാര്യത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി നിയമനം നേടിയ നാല് സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്ന് ജസ്റ്റിസ് ജയ് സെൻഗുപ്ത വ്യക്തമാക്കി.
പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ അവർ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് താമസിക്കുന്നവരാണെന്ന് കാണിക്കാനായാണ് വ്യാജ രേഖകൾ ഉണ്ടാക്കിയതെന്നും ജസ്റ്റിസ് സെൻഗുപ്ത വ്യക്തമാക്കി.
Discussion about this post