തിരുവനന്തപുരം : നിർഗുണ പരബ്രഹ്മമായ പ്രതിപക്ഷം ആയിട്ടാണ് വി ഡി സതീശന്റെ പ്രതിപക്ഷം കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം കൂടുതൽ ചർച്ചയാകാതിരിക്കാനാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപിയുടെ നിയമസഭ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഒരു മാസത്തേക്ക് പ്രഖ്യാപിച്ചിരുന്ന നിയമസഭ പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് ഇന്ന് പൂട്ടുന്നത് മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം കൂടുതൽ ചർച്ചകളിലേക്ക് കടക്കാതിരിക്കാനാണ് . മാസപ്പടി വിവാദമുയർന്ന ആദ്യഘട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രഖ്യാപിച്ച കെ സുധാകരൻ പിന്നീട് കോൺഗ്രസ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ മിണ്ടാതാവുകയായിരുന്നു എന്നും സുരേന്ദ്രൻ പരിഹസിച്ചു.
പ്രതിപക്ഷ നേതാവിന്റെ ജോലി ചെയ്യാനാണ് ജനങ്ങൾ വി ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്നത് എങ്കിലും സതീശൻ ഭരണപക്ഷത്തിനും മുഖ്യമന്ത്രിക്കും മുമ്പിൽ കീഴടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളും ഒരു മന്ത്രിയുടെ ഭാര്യയുമായ വീണയെ കുറിച്ച് ഇത്തരത്തിൽ വലിയ ഒരു ആരോപണം ഉയർന്നിട്ടും നിയമസഭയിൽ ഒരു ആടിയന്തരപ്രമേയം അവതരിപ്പിക്കാനോ ചോദ്യോത്തരവേളയിൽ എങ്കിലും ഈ പ്രശ്നം ഉന്നയിക്കാനോ വി ഡി സതീശൻ തയ്യാറായിരുന്നില്ല. ഇത്രയും നാണംകെട്ട ഒരു പ്രതിപക്ഷം വേറെ ഉണ്ടാവില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post