ന്യൂഡൽഹി : തിരഞ്ഞെടുപ്പിനു മുന്നോടിയായി ഓഗസ്റ്റ് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശ് സന്ദർശിക്കും. 4,000 കോടിയിലധികം രൂപയുടെ റെയിൽ, റോഡ് പദ്ധതികൾക്കാണ് മധ്യപ്രദേശ് സന്ദർശന വേളയിൽ പ്രധാനമന്ത്രി തറക്കല്ലിടുന്നത്. കൂടാതെ സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകത്തിനും അദ്ദേഹം തറക്കല്ലിടുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മധ്യപ്രദേശിൽ നടക്കുന്ന പൊതുപരിപാടിയിൽ കോട്ട-ബിന റെയിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തീകരിച്ചത് മോദി രാഷ്ട്രത്തിന് സമർപ്പിക്കും. 2,475 കോടിയിലധികം രൂപ ചെലവിട്ടാണ് ഈ പദ്ധതി പൂർത്തീകരിച്ചത്. മധ്യപ്രദേശിലെ ഗുണ, അശോക്നഗർ, സാഗർ ജില്ലകളിലൂടെയും രാജസ്ഥാനിലെ കോട്ട, ബാരൻ ജില്ലകളിലൂടെയും കടന്നുപോകുന്ന പതയാണിത്. ഇതോടൊപ്പം 4,000 കോടിയിലധികം രൂപയുടെ റെയിൽ, റോഡ് മേഖലാ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങും നടക്കും.
മധ്യപ്രദേശിലെ സാഗർ ജില്ലയിലെ സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരക സ്ഥലത്ത് പ്രധാനമന്ത്രി ഭൂമി പൂജ നടത്തും. സ്മാരകത്തിന് തറക്കല്ലിടുന്നതിനോടൊപ്പം ഇവിടെ ഒരു പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. 11.25 ഏക്കറിലധികം സ്ഥലത്തായാണ് സ്മാരകം നിർമ്മിക്കപ്പെടുന്നത്. 100 കോടിയിലധികം രൂപ ചിലവിട്ടാണ് ഈ സ്മാരകം നിർമ്മിക്കപ്പെടുന്നത്.
പ്രധാനമന്ത്രി തറക്കല്ലിടുന്ന പദ്ധതികളിൽ 1,580 കോടി രൂപയിലധികം ചെലവ് വരുന്ന രണ്ട് റോഡ് പദ്ധതികളും ഉൾപ്പെടുന്നുണ്ട്. മോറികോരി-വിദിഷ-ഹിനോതിയ എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാലുവരി റോഡ് പദ്ധതിയാണ് ഇതിലൊന്ന്. ഹിനോതിയയെ മെഹ്‌ലുവയുമായി ബന്ധിപ്പിക്കുന്ന മറ്റൊരു റോഡ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടുന്നതാണ്.
Discussion about this post