ഹൈദരാബാദ്: തിരുപ്പതിയിൽ പെൺകുട്ടിയെ പുലി കടിച്ചുകൊന്നു. ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷിത (ആറ്) ആണ് മരിച്ചത്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനായി മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.
ഇന്നലെ രാത്രിയോടെയായിരുന്നു കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. മാതാപിതാക്കൾക്കൊപ്പം നടന്നു പോകുന്നതിനിടെ അലിപിരി വാക്ക് വേയിലായിരുന്നു സംഭവം. പാഞ്ഞെത്തിയ പുലി കുട്ടിയ്ക്ക് മേൽ ചാടി വീഴുകയായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പുലിയിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവശനിലയിലായ കുട്ടിയെ പുലി കാട്ടിലേക്ക് കടിച്ച് കൊണ്ടുപോകുകയായിരുന്നു.
കുട്ടിയ്ക്ക് വേണ്ടി രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വിവരം അറിഞ്ഞെത്തിയ പോലീസും പ്രത്യേക സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പുലർച്ചെയോടെ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു മൃതദേഹം. കഴിഞ്ഞ മാസവും തിരുപ്പതിയിൽ കുട്ടിയെ പുലി ആക്രമിച്ചിരുന്നു.
Discussion about this post