ചെന്നൈ: മൂന്നിനെതിരെ ഒരു ഗോൾ എന്ന നിലയിൽ തോൽവിയെ മുഖാമുഖം കണ്ട അവസ്ഥയിൽ നിന്നും രാജകീയമായ തിരിച്ചു വരവ് നടത്തിയ ഇന്ത്യ, മലേഷ്യയെ തരിപ്പണമാക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. ചെന്നൈ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-3നാണ് ഇന്ത്യയുടെ വിജയം.
ഒൻപതാം മിനിറ്റിൽ ജുഗ്രാജ് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യയാണ് ഫൈനലിൽ അക്കൗണ്ട് തുറന്നത്. എന്നാൽ പിന്നീട് മലേഷ്യ തുടർച്ചയായി മൂന്ന് ഗോളുകൾ നേടിയതോടെ ഇന്ത്യ പരാജയം മണത്തു. ആരാധകർ നിരാശരായി.
നാൽപ്പത്തിയഞ്ചാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി ഹർമൻപ്രീത് സിംഗ് ഇന്ത്യക്ക് പ്രതീക്ഷ നൽകി. ഒട്ടും വൈകാതെ ഗുർജന്ത് സിംഗ് ഇന്ത്യയുടെ മൂന്നാം ഗോളും സ്കോർ ചെയ്തതോടെ മത്സരം സമനിലയിലായി. ആവേശം മൂത്ത ആരാധകർ ഇരിപ്പിടം വിട്ടെഴുന്നേറ്റ് പ്രോത്സാഹനം നൽകിയതോടെ ഇന്ത്യ വർദ്ധിത വീര്യത്തോടെ പൊരുതി. അൻപത്തിയാറാം മിനിറ്റിൽ ആകാശ്ദീപ് സിംഗ് നാലാം ഗോളും നേടിയതോടെ ആരാധകർ പൊട്ടിത്തെറിച്ചു.
സെമി ഫൈനലിൽ ജപ്പാനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഇത് ഇന്ത്യയുടെ നാലാം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടമാണ്.
Discussion about this post