കൊല്ലം : 12 വയസുകാരനെ പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിലായി. കൊല്ലം കുമ്മിൾ സ്വദേശി സുനിൽകുമാറാണ് അറസ്റ്റിലായത്. സ്കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുക്കാനായി കുട്ടികളെ പരിശീലിപ്പിച്ചിരുന്ന നൃത്ത അദ്ധ്യാപകനായിരുന്നു ഇയാൾ. നാല് വർഷം മുൻപ് മറ്റൊരു പീഡനക്കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ കഴിയുകയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
12 കാരനിലുണ്ടായ സ്വഭാവ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ സ്കൂൾ വഴി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്. ഇതോടെ മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ നൃത്തം പഠിപ്പിച്ചിരുന്ന വേറെയും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
വർഷങ്ങളായി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നയാളാണ് സുനിൽ കുമാർ. 2019 ൽ മറ്റൊരു പീഡനകേസിൽ പാങ്ങോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 60 ദിവസം ജയിലിൽ കഴിഞ്ഞു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും നൃത്ത അദ്ധ്യാപനം തുടരുകയായിരുന്നു. ഇയാൾ പീഡനക്കേസ് പ്രതിയാണെന്ന് അറിയാതെയാണ് മാതാപിതാക്കൾ ഇയാളുടെ അടുത്തേക്ക് കുട്ടികളെ നൃത്തം അഭ്യസിക്കാനായി അയച്ചിരുന്നത്.
Discussion about this post