ബംഗലൂരു: കർണാടകയിൽ ബിജെപി സർക്കാരിന്റെ കാലത്ത് നൽകിയ എല്ലാ നിർമാണ കരാറുകളും പുനപരിശോധിക്കാൻ നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 2019 മുതൽ 2023 വരെ നൽകിയ കരാറുകളാണ് പുനപരിശോധിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കരാറുകാർക്ക് നൽകാനുള്ള 710 കോടി രൂപയും സർക്കാർ തടഞ്ഞുവെച്ചു.
കരാറുകാർക്കെതിരായ കോൺഗ്രസ് സർക്കാരിന്റെ നീക്കം വലിയ അഴിമതി ലക്ഷ്യമിട്ടാണെന്ന് ജെ ഡി എസ് പറഞ്ഞു. അനാവശ്യമായ തടസങ്ങൾ ഉന്നയിച്ച് കമ്മീഷൻ അടിച്ചെടുക്കാനാണ് ശിവകുമാറിന്റെയും സംഘത്തിന്റെയും നീക്കമെന്ന് സംശയിക്കുന്നതായി കരാറുകാർ പറഞ്ഞു. 2019-20 കാലഘട്ടത്തിലെ കരാറുകൾക്ക് 10 ശതമാനവും 2020-21 കാലഘട്ടങ്ങളിലെ കരാറുകൾക്ക് 15 ശതമാനവും കമ്മീഷനാണ് ശിവകുമാർ ആവശ്യപ്പെട്ടതെന്ന് കരാറുകാർ തന്നോട് പറഞ്ഞെന്ന് ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.
വിഷയത്തിൽ ബിജെപി ഇടപെടൽ ആവശ്യപ്പെട്ട് കരാറുകാർ മുൻ മുഖ്യമന്ത്രിമാരായ യെദ്യൂരപ്പയെയും ബസവരാജ് ബൊമ്മൈയെയും സമീപിച്ചിരിക്കുകയാണ്. കമ്മീഷൻ വാങ്ങി അഴിമതി നടത്താമെന്നാണ് ഇനിയും ശിവകുമാറിന്റെ മോഹമെങ്കിൽ അത് നടപ്പില്ലെന്ന് ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. ഇപ്പോഴും ശിവകുമാറിൽ കമ്മീഷൻ ആഗ്രഹം അവശേഷിക്കുന്നുവെങ്കിൽ തിഹാർ ജയിൽ ആയിരിക്കും അദ്ദേഹത്തിന്റെ അഭയ കേന്ദ്രമെന്ന് ബസവരാജ് ബൊമ്മൈ പരിഹസിച്ചു.
അതേസമയം രാഷ്ട്രീയത്തിന്റെ പേരിൽ കരാറുകാർക്ക് കൊടുകാനുള്ള പണം കൊടുക്കാതിരുന്നാൽ സംസ്ഥാനത്ത് വികസന മുരടിപ്പ് ഉണ്ടാകുമെന്ന് ഭരണകക്ഷി നേതാക്കൾ തന്നെ ശിവകുമാറിന് മുന്നറിയിപ്പ് നൽകി. കരാറുകാരുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും ബില്ല് മാറി അവർക്ക് പണം നൽകിയാൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ കഴിയൂവെന്നും മുതിർന്ന കോൺഗ്രസ് എം എൽ എയും മന്ത്രിയുമായ രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾ എല്ലാം ശിവകുമാർ നിഷേധിച്ചു. സമയമാകുമ്പോൾ അർഹരായ എല്ലാ കരാറുകാർക്കും പണം നൽകുമെന്ന് ശിവകുമാർ പറഞ്ഞു.
Discussion about this post