ശ്രീനഗർ: വൻ ജനപങ്കാളിത്തത്തോടെ ശ്രീനഗറിൽ തിരംഗ് റാലി. ത്രിവർണ പതാക കൈകളിലേന്തി ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഉയർത്തി നിരവധി പേരാണ് റാലിക്കെത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ആരും ത്രിവർണം ഉയർത്തില്ലെന്ന് അവകാശപ്പെട്ടവർക്കുള്ള വലിയ മറുപടിയാണ് ശ്രീനഗറിലെ തിരംഗ റാലിയിലെ വൻ പങ്കാളിത്തമെന്ന് ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
ഇന്ന് എല്ലാ കൈകളിലും തിരംഗയും റാലിയിലെ വലിയ ആവേശവുമാണ് ഓരോ കശ്മീരിയും കൊതിക്കുന്നത്. താഴ്വരയിൽ ആരും ത്രിവർണ പതാക ഉയർത്തില്ല എന്ന് ഒരിക്കൽ അവകാശപ്പെട്ടവർക്കുള്ള വലിയ മറുപടിയാണ് ഇന്നത്തെ റാലിയിലെ വൻ പങ്കാളിത്തം. റാലിയിൽ പൊതുജനമെത്തിയത് അഭിമാന നിമിഷമാണ്. തിരംഗ റാലിയിൽ പങ്കെടുക്കുക എന്ന വലിയ അവസരത്തിന്റെ ഭാഗമാകാനും തിരംഗയോട് ബഹുമാനം കാണിക്കാനുമുള്ള തങ്ങളുടെ ഉത്തരവാദിത്തം ആളുകൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരംഗ യാത്രയിൽ പ്രദേശവാസികളുടെ വൻ പങ്കാളിത്തം സ്വാഗതാർഹമാണെന്ന് ചടങ്ങിൽ സംസാരിച്ച ഡയറക്ടർ ജനറൽ ഓഫ് പോലീസ് ദിൽബാഗ് സിംഗ് പറഞ്ഞു. കശ്മീരിൽ പൊതുവെ സമാധാന അന്തരീക്ഷമാണ് ഉള്ളത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പലയിടത്തുനിന്നും തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം നിയന്ത്രണരേഖയിൽ വിജയകരമായ ഓപ്പറേഷൻ നടത്തി, അതിൽ ധാരാളം നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുൽവാമ മുതൽ പൂഞ്ച് വരെയും കുൽഗാം മുതൽ കത്വ വരെയും ജമ്മു മുതൽ ശ്രീനഗർ വരെയും 20 ജില്ലകളിലെ എല്ലാ വീടുകളും ത്രിവർണ പതാകകൾ ഉയർത്തി ആഘോഷിക്കുകയാണ്.
Discussion about this post