തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തെ ചുറ്റിപ്പറ്റി ഉയരുന്ന കുപ്രചരണങ്ങൾ തള്ളി സിഎസ്‌ഐ പള്ളികളിൽ ഇടയലേഖനം. മണിപ്പൂരിൽ യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇടയലേഖനം. സംസ്ഥാനത്ത് നടക്കുന്നത് രണ്ടുമതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല സംവരണത്തെ ചൊല്ലിയുള്ള കലാപമാണെന്ന് ഇടയലേഖനത്തിൽ പറയുന്നു.
ബഹുഭൂരിപക്ഷത്തിനിടയിൽ ഒരു ചെറിയ ന്യൂനപക്ഷമായി ജീവിക്കുന്ന ക്രിസ്ത്യാനികൾ വളരെ സംയമനം പാലിക്കേണ്ടതാണ്. ഭൂരിപക്ഷം ഇന്ന് സംഘടിതരാണെന്ന വസ്തുതയും ഓർത്തിരിക്കണം. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഭരണത്തിൽ വന്നേക്കാം. എന്നാൽ സുശക്തമായ ഒരു ഭരണകൂടം ഉണ്ടെന്നുള്ള കാര്യവും വിസ്മരിച്ചു കൂടെന്ന് ഇടയലേഖനത്തിൽ പറയുന്നു. മണിപ്പൂരിൽ നടക്കുന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള കലാപമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ചേർന്ന് കുപ്രചരണങ്ങൾ നടത്തുമ്പോഴാണ് സിഎസ്‌ഐ സഭ കൃത്യമായ നിലപാട് എടുത്ത് രംഗത്ത് വരുന്നത്. മണിപ്പൂർ ആർച്ച് ബിഷപ്പ് ഡോം ഡൊമിന് ലുമോണിന്റെ മണിപ്പൂരിലേത് മതപരമായ കലാപമല്ല അത് ഗോത്രവർഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന പ്രസ്താവനയും ഇടയലേഖനം എടുത്തുപറയുന്നുണ്ട്.
1949 ൽ മണിപ്പൂർ ഇന്ത്യൻ യൂണിയനിൽ ചേരുമ്പോൾ തന്നെ ഗോത്രങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ പതിവായിരുന്നു. സമാധാന അന്തരീക്ഷം നിലനിർത്തുവാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടപ്പോൾ കേന്ദ്രസഹായം ആവശ്യമായി വന്നു. തൽഫലമായി 1958 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ഭരണത്തിൽ സായുധ സേനയെ മണിപ്പൂരിന് വേണ്ടി പാസ്സാക്കി. പ്രത്യേക അതികാരം നൽകി സംഘർഷ പ്രദേശങ്ങളിൽ പട്ടാളത്തെ നിയോഗിച്ചു. 2021 ൽ അന്തർദേശീയ സമ്മർദ്ദത്തെ മാനിച്ചും പ്രാദേശിക വികാരം കണക്കിലെടുത്തും പട്ടാളത്തെ മണിപ്പൂരിൽ നിന്നും പിൻവലിച്ചു.
ചരിത്രപരമായി എപ്പോഴും സംഘട്ടനത്തിലും പോരാട്ടത്തിലും ജീവിച്ചുകൊണ്ടിരുന്ന രണ്ട് ഗോത്രവിഭാഗങ്ങളാണ് ഹൈന്ദവരായ മെയ്ത്തികളും ക്രിസ്ത്യാനികളായ കുക്കികളും. 62 ശതമാനം വരുന്ന മെയ്തികൾ മണിപ്പൂരിന്റെ 10 ശതമാനം സമതല പ്രദേശങ്ങളിൽ അധിവസിക്കുന്നു. 38 ശതമാനം വരുന്ന കുക്കി വിഭാഗക്കാർ 90 ശതമാനം വനഭൂമി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പാരമ്പര്യഭൂമിയായി കൈവശം വച്ചു കൊണ്ടിരിക്കുന്നു. കുക്കികളുടെ ഭൂമി മറ്റൊരു സമുദായത്തിനും , പട്ടികവർഗ്ഗ സംരക്ഷണ നിയമപ്രകാരം ക്രയവിക്രയം ചെയ്യാൻ സാധിക്കുകയില്ല. അതേ സമയം കുക്കി വിഭാഗക്കാർക്ക് എവിടെയും ഭൂമി വാങ്ങാൻ അവകാശമുണ്ട്. സാഹചര്യസമ്മർദ്ദത്തിന്റെ ഫലമായി പിന്നോക്കമായത് കൊണ്ടാണ് അത്തരത്തിലുള്ള സംരക്ഷണം അവർക്ക് ലഭിക്കുന്നത്. കൂടാതെ കുക്കി വിഭാഗക്കാർക്ക് സംവരണ ആനുകൂല്യവുമുണ്ട്. ഈ അതുല്യതയിൽ മെയ്തികൾ തങ്ങൾക്കും സംവരണം ആവശ്യപ്പെട്ടുകൊണ്ട് മണിപ്പൂർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. മെയ്തി വിഭാഗത്തിന്റെ ആവശ്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ വരുത്തണമെന്നുള്ള അഭിപ്രായത്തോടു കൂടി ഹൈക്കോടതി,സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് അയച്ചു. ഈ കാര്യത്തിൽ സുപ്രീംകോടതിയോ കേന്ദ്രസർക്കാരോ എന്തെങ്കിലും തീരുമാനം എടുത്തതായി അറിവില്ല.
മെയ് മാസം മൂന്നാം തീയകി കുക്കി വിഭാഗങ്ങൾക്ക് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന അനുകൂല്യം നഷ്ടപ്പെട്ടേക്കുമെന്നുള്ള ആശങ്കയിൽ മണിപ്പൂരിൽ സോളിഡാരിറ്റി ഡേ പ്രഖ്യാപിച്ച് പ്രക്ഷോഭറാലി നടത്തി. ഈ പ്രതിഷേധ റാലി കുക്കികൾ സ്വയം വഴിമരുന്നിടുകയായിരുന്നു. തുടർന്ന് കുക്കികൾക്കെതിരായി മെയ്തികൾ സമരാഹ്വാനം നടത്തുകയും മണിപ്പൂർ യുദ്ധസമാനമായ കലാപഭൂമിയായി മാറുകയും ചെയ്തു. ഇവിടെ രണ്ടുമതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല, സംവരണത്തെ ചൊല്ലിയുള്ള കലാപമാണ്.
Discussion about this post