സാഹിത്യവും സിനിമയും പരസ്പര പൂരകങ്ങളാണെന്ന് പ്രശസ്ത സംവിധായകന് അടൂര്‍ ഗേപാലകൃഷ്ണന്‍. ഇരുപതാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് കേരളാ ചലച്ചിത്ര അക്കാദമിയും കേരളാ സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ രചനകള്‍ സിനിമയാക്കിയ കാലമാണ് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം. ജീവിതവുമായി ബന്ധമില്ലാത്ത സിനിമകള്‍ അടുത്തകാലത്ത് പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ സിനിമയാക്കിയപ്പോള്‍ അനുഭവിച്ച വെല്ലുവിളികള്‍ അദ്ദേഹം വിശദീകരിച്ചു.
മലയാള സിനിമയില്‍ നിന്ന് ജീവിതങ്ങളെക്കുറിച്ചുള്ള കഥകള്‍ നഷ്ടപ്പെട്ടെന്ന് കേരളാ സാഹിത്യ അക്കാദമി ചെയര്മാന് പെരുമ്പടവം ശ്രീധരന് അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.അതുകൊണ്ടാണ് കാണികളുടെ മനസ്സില്‍ അവ നിലനില്‍ക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താനിപ്പോഴും അറിയപ്പെടുന്നത് ചെമ്മീനിലെ പരീക്കുട്ടിയായിട്ടാണെന്ന്്് പരിപാടിയില്‍ പങ്കെടുത്ത നടന് മധു പറഞ്ഞു. അതിന്റെ മുഴുവന്‍ നേട്ടവും തകഴിക്ക് അവകാശപ്പെട്ടതാണ്. ഇപ്പോള്‍ ജീവിതത്തിന്റെ കഥകള്‍ മാറി ചിന്തകളാണ് രചനകളില്‍ സ്ഥാനം പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമകള്‍ക്ക് ആവശ്യം നല്ല സാഹിത്യവും കഥയുമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post