പനാജി : ഗോവയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനായി ഗ്രാമീണ്‍ മിത്ര പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതി ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുമെന്നും സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ ഡിജിറ്റല്‍ ശാക്തീകരണം പ്രോത്സാഹിപ്പിക്കുമെന്നും ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ഡോര്‍ സ്റ്റെപ്പ് ഡെലിവറി നല്‍കുന്നതിനും ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഗോവ സര്‍ക്കാര്‍ തിങ്കളാഴ്ച ഗ്രാമീണ്‍ മിത്ര പദ്ധതി ആരംഭിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗ്രാമീണ സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തി അവരെ സാമൂഹിക – സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുത്ത സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വീട്ടുപടിക്കലെത്തിക്കുന്നതിലൂടെ അവരുടെ സമയം ലാഭിക്കാനും ഈ ഡിജിറ്റല്‍ യുഗത്തില്‍ ഗ്രാമീണര്‍ പിന്നിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഗ്രാമീണ്‍ മിത്ര പദ്ധതി ഗോവയില്‍ പൊതു സേവനങ്ങള്‍ വിതരണം ചെയ്യുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്, ഇത് ഗ്രാമീണ സമൂഹങ്ങളെ സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും നേട്ടങ്ങള്‍ കൊയ്യാന്‍ പ്രാപ്തമാക്കുന്നു’, അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍ മന്ത്രി രോഹന്‍ ഖൗണ്ടേ, കേന്ദ്രമന്ത്രി ശ്രീപദ് നായിക്, രാജ്യസഭാ എംപി സദാനന്ദ് ഷേത് തനവാഡെ എന്നിവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു
ഗ്രാമീണ്‍ മിത്ര സംരംഭം ഒരു ഡിജിറ്റല്‍-ഫസ്റ്റ് സ്റ്റേറ്റ് ആയി ഗോവയെ മാറ്റുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അതിന്റെ വിജയം ഉറപ്പാക്കാന്‍ ഏവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി രോഹന്‍ ഖൗണ്ടേ പറഞ്ഞു.
‘ജനങ്ങള്‍ക്ക് സംശയ നിവാരണത്തിനും പൊതു സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. സംസ്ഥാനത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളിലേക്ക് ഇ-ഗവേണന്‍സ് സേവനങ്ങള്‍ എത്തിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ഈ പദ്ധതി ഞങ്ങളെ സഹായിക്കും. പൗരന്മാര്‍ക്ക് പ്രവേശനക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഗോവ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പദ്ധതിയുടെ നടത്തിപ്പ് തെളിയിക്കുന്നത്’, മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് ജനങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിക്കുന്നതിലൂടെ, പൊതുസേവന വിതരണം വര്‍ദ്ധിപ്പിക്കാനും ഡിജിറ്റല്‍, സമത്വം ഉറപ്പ് വരുത്തുന്ന ഭരണസംവിധാനം വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.








