മാവേലിക്കര: ജന്മനാ കൈകാലുകൾ തളർന്ന അനൂപിന് ഇന്ന് ആഗ്രഹ സാഫല്യദിനം. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുകയെന്ന സ്വപ്നമാണ് 77ാം സ്വാതന്ത്ര്യദിനത്തിൽ നടന്നത്. മാവേലിക്കര മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന് ചുക്കാൻ പിടിച്ചത്.
മോട്ടോർ വാഹന വകുപ്പ് മാവേലിക്കര സബ് ആർട്ടി ഓഫീസിന്റെ നേതൃത്വത്തിൽ മാവേലിക്കര മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന അർപ്പിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് അനൂപ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
ലോട്ടറി കച്ചവടം ഉപജീവനമാർഗമാക്കിയ അനൂപിന്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ എംവിഡി മുന്നോട്ട് വരികയായിരുന്നു.തുടർന്ന് മാവേലിക്കര ജോയിൻറ് ആർടിഓ എംജി മനോജിനൊപ്പം അനൂപും ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ മുഖ്യപങ്കാളിയാകുകയായിരുന്നു.
ചടങ്ങിൽ താലൂക്ക് സപ്ലൈ ഓഫീസർ മായാദേവി എ, സ്റ്റാലിൻ ഗോപാൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സജു പി ചന്ദ്രൻ, പ്രസന്നകുമാർ, ദിനൂപ്, ഷെഫീസ് എന്നിവരും പങ്കെടുത്തു.
Discussion about this post